പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയില്‍ ആദ്യമായി ഇടംപിടിച്ച് ജെ.ഡി.യു. ബുധനാഴ്ച നടത്തിയ പുഃനസംഘടനയിലാണ് ജെ.ഡി.യുവിനും മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചത്.
ജെ.ഡി.യു. ദേശീയ പ്രസിഡന്റ് രാം ചന്ദ്ര പ്രസാദ് സിംഗ്, എല്‍.ജെ.പിയുടെ പശുപതി കുമാര്‍ പരസ് എന്നിവരാണ് ബീഹാറില്‍ നിന്ന് മന്ത്രിസഭാംഗങ്ങളായത്.
പുഃനസംഘടനയെത്തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് ബീഹാറില്‍ നിന്നുള്ള നാല് കാബിനറ്റ് മന്ത്രിമാരാണെത്തിയത്. ബി.ജെ.പിയില്‍ നിന്നുള്ള ഗിരിരാജ് സിംഗ്, രാജ് കുമാര്‍ സിംഗുമാണ് മറ്റ് രണ്ട് മന്ത്രിമാര്‍. ബീഹാറിനെ മികച്ച രീതിയില്‍ തന്നെ ഇത്തവണ കേന്ദ്രം പരിഗണിച്ചിട്ടുണ്ട്.
അതേസമയം, പുനഃസംഘടിപ്പിച്ച മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. മന്ത്രിപദവി നഷ്ടമായ മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പി. പാര്‍ട്ടി ചുമതല നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറു വനിതകളെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കേന്ദ്ര മന്ത്രിമാരില്‍ സ്ത്രീകളുടെ എണ്ണം 11 ആയി. പട്ടിക വിഭാഗങ്ങളില്‍ നിന്ന് മന്ത്രിമാരുടെ എണ്ണം 20 ആയി. പുതിയ സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കാണ്.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയാണ് ലഭിച്ചത്. അസം മുന്‍ മുഖ്യമന്ത്രി സര്‍ബനാനന്ദ സോനോവാളിന് തുറമുഖം ജലഗതാഗതം ആയുഷ് മന്ത്രാലയങ്ങളുടെ ചുമതലയാണ്.
ഹര്‍ഷ് വര്‍ധന് പകരം മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യമന്ത്രി. രവി ശങ്കര്‍ പ്രസാദിന് പകരം ഒഡീഷ എം.പി. അശ്വിനി വൈഷ്ണോവാണ് ഐ.ടി. മന്ത്രി. നിയമ മന്ത്രാലയത്തിന്റെ ചുമതല കിരണ്‍ റിജ്ജുവിനാണ്. അനുരാഗ് ഠാക്കൂറിന് വാര്‍ത്ത വിതരണവും, ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയുമാണ്.
മലയാളിയും കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭ എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍ നൈപുണ്യ വികസനം, ഇലക്ട്രോണിക്സ്, ഐ.ടി. സഹമന്ത്രിയാണ്. വിദേശകാര്യം, പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി വി.മുരളീധരന്‍ തുടരും.