പാട്ന: ഒറ്റയ്ക്ക് പൊരുതരുതെന്നും ഇന്ത്യ സഖ്യത്തോടൊപ്പം ഒരുമിച്ച് നിന്ന് ബി.ജെ.പിയെ പ്രതിരോധിക്കണമെന്നും കോൺഗ്രസിനെ ഉപദേശിച്ച് ഇന്ത്യ സഖ്യത്തിലെ അംഗങ്ങളായ ജെ.ഡി.യുവും ആർ.ജെ.ഡിയും.
ഹിന്ദി ഹൃദയ ഭൂമിയിൽ മൂന്നു സംസ്ഥാനങ്ങളിൽ ബി.ജെ.പി കോൺഗ്രസിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇരു പാർട്ടികളുടെയും പരാമർശം.
അതേസമയം കോൺഗ്രസിന്റെ പരാജയത്തിൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറും ബീഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവും ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പ്രാദേശിക സഖ്യകക്ഷികളെ അവഗണിച്ചതിനും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവരെ ഉൾപ്പെടുത്താത്തതിലും ജെ.ഡി.യു ആർ.ജെ.ഡി നേതാക്കൾ തങ്ങളുടെ എതിർപ്പ് അറിയിച്ചു.
‘ഇന്ത്യ എന്ന പ്രതിപക്ഷത്തിന്റെ ഐക്യനിരയ്ക്ക് മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കൂ. പ്രതിപക്ഷ നിരയുടെ തുടർച്ചയായ യോഗങ്ങളിൽ ഞങ്ങളുടെ നേതാവ് നിതീഷ് കുമാർ ഈ കാര്യം പറഞ്ഞതാണ്.
ഇപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഒരുമിച്ച് മത്സരിച്ചില്ല. ഇതിന്റെ ബാക്കിപത്രമാണ് തെരഞ്ഞെടുപ്പ് ഫലം. ഭാവിയിൽ പ്രതിപക്ഷ നിര ഒരുമിച്ചു നിന്ന് വേണം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ,’ ബീഹാർ ധനകാര്യമന്ത്രിയും ജെ.ഡി.യു നേതാവുമായ വിജയ് കുമാർ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
പ്രാദേശിക സഖ്യകക്ഷികളെ ബഹുമാനിക്കാനുള്ള വിശാലഹൃദയം കോൺഗ്രസിന് ഉണ്ടാകേണ്ടതുണ്ടെന്ന് ആർ.ജെ.ഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. കോൺഗ്രസ് ഇന്ത്യാ സഖ്യത്തിന് മുൻതൂക്കം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: JD-U and RJD Advise Congress to Accommodate Regional Allies to Fight BJP