ബെംഗളുരു: വരാനിരിക്കുന്ന കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് മത്സരരംഗത്തേക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ. ബെല്‍ഗാം ലോക്‌സഭാ മണ്ഡലം, ബസവകല്യാണ്‍, സിന്ദ്ഗി, മാസ്‌കി എന്നീ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത്.
ബെല്‍ഗാം, ബസവകല്യാണ്‍, സിന്ദ്ഗി, മാസ്‌കി എന്നീ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ഈ തെരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ വേണ്ടത്ര പണമില്ല, ദേവഗൗഡ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2023 ലെ അസംബ്ലി തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ദേവഗൗഡ പറഞ്ഞു.
നേതാക്കളുടെയും തൊഴിലാളികളുടെയും സഹായത്തോടെ പാര്‍ട്ടിയുടെ കെട്ടുറപ്പ് ശക്തമാക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ച വെയ്ക്കാനും പാര്‍ട്ടിയെ സജ്ജമാക്കണം, ദേവഗൗഡ വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് കേന്ദ്രമന്ത്രി സുരേഷ് അംഗഡി മരിച്ചതോടെയാണ് ബെല്‍ഗാം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്. ബസവകല്യാണിലും സ്ഥിതി ഇതു തന്നെയാണ്. ഇവിടുത്തെ എം.എല്‍.എ ആയ ബി നാരായണ റാവുവിന്റെ പെട്ടെന്നുള്ള മരണമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കാരണം.
അതേസമയം ഉപതെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശക്തമായ പ്രചരണമാണ് കോണ്‍ഗ്രസും ബി.ജെ.പിയും കാഴ്ച വെയ്ക്കുന്നത്. മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക വരെ കോണ്‍ഗ്രസ് തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക