| Monday, 9th December 2024, 8:28 pm

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍. കരുണിന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്. സംസ്ഥാന സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് ലഭിക്കുന്നത്.

മലയാളസിനിമയെ ലോകസിനിമക്ക് മുന്നില്‍ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍. 40ലധികം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി എന്‍. കരുണ്‍ 1988ല്‍ പുറത്തിറങ്ങിയ പിറവിയിലൂടെയാണ് സംവിധാനരംഗത്തേക്ക കടന്നുവന്നത്. നിരവധി ദേശീയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച പിറവി മികച്ച ചിത്രത്തിനും നടനുമുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു.

കാന്‍സ് ചലച്ചിത്രമേളയില്‍ പാം ഡി ഓറിന് തെരഞ്ഞെടുക്കപ്പെട്ട ‘സ്വം’, മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ആളാണ് ഷാജി എന്‍. കരുണ്‍. മികച്ച ഛായാഗ്രഹകനുള്ള ദേശീയ അവാര്‍ഡ് തമ്പിലൂടെ സ്വന്തമാക്കിയ അദ്ദേഹം 1977,1979, 1986 വര്‍ഷങ്ങളില്‍ മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന അവാര്‍ഡും തന്റെ പേരിലാക്കി.

നിലവില്‍ കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് ഷാജി എന്‍. കരുണ്‍. കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് സെക്രട്ടറിയും, 2022ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരജേതാവായ സംവിധായകന്‍ ടി.വി. ചന്ദ്രന്‍, ഗായിക കെ.എസ്. ചിത്ര, നടന്‍ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞടുത്തത്.

Content Highlight: JC Daniel Award goes to director Shaji N Karun

Latest Stories

We use cookies to give you the best possible experience. Learn more