ഉത്തരക്കടലാസില്‍ ജയ്ശ്രീറാമും ക്രിക്കറ്റ് കളിക്കാരുടെ പേരും; ഫാര്‍മസി വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച് യു.പിയിലെ യൂണിവേഴ്‌സിറ്റി
national news
ഉത്തരക്കടലാസില്‍ ജയ്ശ്രീറാമും ക്രിക്കറ്റ് കളിക്കാരുടെ പേരും; ഫാര്‍മസി വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച് യു.പിയിലെ യൂണിവേഴ്‌സിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2024, 10:27 am

ലഖ്‌നൗ: യു.പിയിലെ യൂണിവേഴ്‌സിറ്റിയില്‍ ഉത്തരക്കടലാസില്‍ ജയ്ശ്രീറാമും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പേരും എഴുതിയ ഫാര്‍മസി വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ വീര്‍ ബഹാദൂര്‍ സിങ് പുര്‍വാഞ്ചല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ഫര്‍മസി വിദ്യാര്‍ത്ഥികള്‍ ആണ് ഉത്തരക്കടലാസില്‍ ജയ്ശ്രീറാം എന്നും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പേരും എഴുതി നല്‍കിയത്.

ഇവര്‍ക്കെല്ലാം 50 ശതമാനത്തിലധികം മാര്‍ക്കാണ് നല്‍കിയത്. ഈ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധിക്കണമെന്ന് വി.ബി.എസ്.പി യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ദിവ്യന്‍ഷു സിങ് ആര്‍.ടി.ഐ പ്രകാരം ആവശ്യപ്പെട്ടു.

ഉത്തരക്കടലാസില്‍ കൃത്രിമം കാണിച്ച അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടതും ദിവ്യന്‍ഷു സിങ്ങാണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉത്തര്‍പ്രേദേശ് ഗവര്‍ണര്‍ അദേല്‍ പട്ടേലിന് അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയാണ് വി.ബി.എസ്.പി യൂണിവേഴ്‌സിറ്റി അധ്യാപകരായ വിനയ് വര്‍മയും ആശിഷ് ഗുപ്തയും അവരെ ജയിപ്പിച്ചത് എന്നും ദിവ്യന്‍ഷു സിങ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ അവസാനത്തോടെ ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അഞ്ചംഗ പാനല്‍ നിയമിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പൂജ്യം മുതല്‍ നാല് വരെ മാര്‍ക്ക് നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേട് കണ്ടെത്തുകയും ചെയ്തു.

ഇത്തരം സംഭവം തന്റെ യൂണിവേഴ്‌സിറ്റിയില്‍ നടന്നത് അപലപനീയമാണെന്നും അതോടൊപ്പം കുറ്റം ചെയ്ത അധ്യാപകര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും വി.ബി.എസ്.പി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വന്ദന സിങ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും അനധികൃതമായി പണം വാങ്ങി അവരെ ജയിപ്പിച്ചതിന് രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തതായി ദിവ്യാന്‍ഷു സിങ്ങിന് നല്‍കിയ ആര്‍.ടി.ഐ മറുപടിയില്‍ പറയുന്നു.

പരീക്ഷക്കിടെ മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കാന്‍ സഹായം ചെയ്തതിന് മുമ്പും വിനയ് ശര്‍മക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നും വിനയ് ശര്‍മ്മ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു.

content highlights: Jayshreeram and name of cricketers in answer sheet; University of U.P. by winning pharmacy students