ഗുവാഹത്തി: ദേശീയ പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് സമാനമനസ്‌ക്കരായ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മുന്നണിയുണ്ടാക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേഷ്. വളര്‍ച്ച മുരടിപ്പ് പോലെയുള്ള രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ദേശീയ പൗരത്വ ബില്‍, പൗരത്വ ഭേദഗതി ബില്‍ എന്നിവ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഒഴികെ എല്ലാ പാര്‍ട്ടികളും ദേശീയ പൗരത്വ ബില്ലിനെ എതിര്‍ക്കുന്നു. പക്ഷെ ബി.ജെ.പി ഭീഷണികളാലും സ്വാധീനത്താലും പാര്‍ട്ടികളെ തങ്ങളുടെ വഴിക്ക് കൊണ്ടു വരുന്നു. ബി.ജെ.പിയുടെ ഘടകകക്ഷികളെല്ലാം അത് തിരിച്ചറിഞ്ഞ് ബി.ജെ.പിയെ പിന്തുണക്കുന്നത് അവസാനിപ്പിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും ജയ്‌റാം രമേഷ് പറഞ്ഞു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് ആദ്യം ഇത് തിരിച്ചറിഞ്ഞത്. ശിവസേന അടുത്ത് അത് തിരിച്ചറിഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇത് തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും ജയ്‌റാം രമേഷ് പറഞ്ഞു.
ദേശീയ പൗരത്വ ബില്‍ മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉപയോഗിച്ചെങ്കിലും അത് അവര്‍ക്ക് ഉപകാരപ്പെട്ടില്ല. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിയും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല. രാജ്യത്തെ സാമ്പത്തികാവസ്ഥയെ കുറിച്ച് ആലോചിക്കുന്നില്ല. സാഹചര്യം വളരെ മോശമാണ്. ഈ സാഹചര്യത്തില്‍ ദേശീയ പൗരത്വ ബില്ലും പൗരത്വ ഭേദഗതി ബില്ലും ജനങ്ങളെ അപമാനിക്കുന്നതാണെന്നും ജയ്‌റാം രമേഷ് പറഞ്ഞു.