ആ സിനിമയുടെ സെക്കൻഡ് ഹാഫിൽ ഞാൻ തിയേറ്ററിൽ നിന്ന് എണീറ്റ് പോയി; എനിക്കത് പറ്റില്ല: ജയറാം
Malayalam Cinema
ആ സിനിമയുടെ സെക്കൻഡ് ഹാഫിൽ ഞാൻ തിയേറ്ററിൽ നിന്ന് എണീറ്റ് പോയി; എനിക്കത് പറ്റില്ല: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th January 2024, 2:52 pm

താനും മകനും അഭിനയിച്ച ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന സിനിമ താൻ ഇത് വരെ മുഴുവൻ കണ്ടിട്ടില്ലെന്ന് ജയറാം. സിനിമയുടെ സെക്കന്റ് ഹാഫിൽ തിയേറ്ററിൽ നിന്നും ഇറങ്ങി പോന്നിരുന്നെന്നും ജയറാം പറഞ്ഞു. അതുപോലെ ആകാശദൂതും താൻ ഇത് വരെ മുഴുവനാക്കിയിട്ടില്ലെന്നും തനിക്കത്രയും സങ്കടം താങ്ങാൻ പറ്റില്ലെന്നും ജയറാം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ അബ്രഹാം ഓസ്ലറിന്റെ വിശേഷങ്ങൾ ജാങ്കോ സ്‌പേസിനോട് പങ്കുവെക്കുകയായിരുന്നു താരം.

‘ഞാനിതുവരെ ആ സിനിമ മുഴുവൻ കണ്ടിട്ടില്ല. സിബിയുടെ അടുത്ത് ചോദിച്ചു നോക്കൂ, ഞാൻ അത് കണ്ടിട്ടില്ല. സെക്കൻഡ് ഹാഫിൽ ഒരു ഹോണ്ടിങ് മ്യൂസിക് ഉണ്ട് അപ്പോൾ ഞാൻ തിയേറ്ററിൽ നിന്ന് എണീറ്റ് പോകും. അന്ന് പ്രൊജക്ഷൻ നടന്ന സമയത്ത് വരെ ഞാൻ പുറത്തു പോയിട്ട് ഇരിക്കും.

എന്നെ കഴിഞ്ഞിട്ട് വിളിച്ചാൽ മതിയെന്ന് പറയും. എനിക്കത് പറ്റില്ല. ഇപ്പോഴും ആകാശദൂത് എന്ന സിനിമ ഞാൻ മുഴുവൻ കണ്ടിട്ടില്ല. പകുതി അല്ലെങ്കിൽ മുക്കാൽ ആകുമ്പോഴേക്കും ഞാൻ എണീറ്റ് പോകും. എനിക്ക് അത്ര സങ്കടം താങ്ങാൻ പറ്റുകയില്ല.

പ്രത്യേകിച്ച് കണ്ണനും കൂടെ അഭിനയിക്കുമ്പോൾ നല്ല വിഷമം തോന്നും, കാര്യം നമുക്കറിയാം സിനിമയാണ്, ക്യാമറയുടെ മുമ്പിൽ ആണ് അഭിനയിക്കുന്നത് എല്ലാം അറിയാം. എങ്കിൽ പോലും വിഷമം തോന്നും. അഭിനയിക്കുമ്പോൾ കുഴപ്പമില്ലായിരുന്നു അഭിനയിച്ചു കഴിഞ്ഞത് വേറെ സ്ഥലത്ത് അത് കാണുമ്പോൾ ഭയങ്കര വിഷമം ആണ്,’ ജയറാം പറഞ്ഞു.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം, അബ്രഹാം ഓസ്ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും, അർജുൻ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണൻ ആണ്. ചിത്രം ജനുവരി 11ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Content Highlight: Jayram about how  emotional movies effect him