| Friday, 25th January 2019, 6:00 pm

ഒടുവില്‍ ആ കുപ്രസിദ്ധ പയ്യന്‍ ടോവിനോയെ കണ്ടു; കണ്ടുമുട്ടിയത് 'വൈറസി'ന്റെ ലൊക്കേഷനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ഒടുവില്‍ ജയേഷിനെ നടന്‍ ടോവിനോ കണ്ടു. മധുപാല്‍ സംവിധാനം ചെയ്ത “ഒരു കുപ്രസിദ്ധ പയ്യന്‍” എന്ന സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രം ജയേഷും സിനിമയില്‍ ജയേഷിന്റെ കഥാപാത്രം അവതരിപ്പിച്ച ടോവിനോയും കോഴിക്കോട് വെച്ച് കണ്ടുമുട്ടി.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന “വൈറസ്” എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് കഴിഞ്ഞ ദിവസം ജയേഷ് ടൊവീനോയെ കാണാനെത്തിയത്. ബേപ്പൂര്‍ ചെറുവന്നൂരിലെ ലൊക്കേഷനില്‍ എത്തിയാണ് ജയേഷ് ടൊവീനോയെ കണ്ടത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ “ഒരു കുപ്രസിദ്ധ പയ്യന്‍” എന്ന സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ ജയേഷിനെ ഡൂള്‍ന്യൂസായിരുന്നു കണ്ടെത്തിയത്. തന്റെ ജീവിത കഥ സിനിമ ആയത് അറിയാതെ കോഴിക്കോട് നഗരത്തില്‍ ജീവിക്കുകയായിരുന്ന ജയേഷിനെ ഡൂള്‍ന്യൂസിലൂടെയാണ് പുറം ലോകം അറിഞ്ഞത്.

Read Also : ഇതാണ് ആ യഥാര്‍ത്ഥ കുപ്രസിദ്ധ പയ്യന്‍

കോഴിക്കോട്ടെ വട്ടക്കിണറില്‍ താമസിച്ചിരുന്ന ഇഡലി കച്ചവടക്കാരി സുന്ദരിയമ്മ ഒരു രാത്രിയില്‍ കൊലചെയ്യപ്പെടുന്നതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമായിരുന്നു സിനിമയുടെ ആധാരം.

2012 ജൂലൈ 21 ന് അര്‍ദ്ധരാത്രിയിലാണ് സുന്ദരിയമ്മ കൊല ചെയ്യപ്പെടുന്നത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ്സില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി. സുന്ദരിയമ്മയുടെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മകളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടു.

ഒടുവില്‍ കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അതോടെ കേസന്വേഷണ ചുമതല കസബ സി.ഐ പ്രമോദില്‍ നിന്നും ക്രൈം ബ്രാഞ്ച് സി.ഐ ഇ.പി പൃഥ്വിരാജിലേക്ക് മാറി. ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്ത് അധികം വൈകാതെ തന്നെ ജയേഷ് അറസ്റ്റ് ചെയ്യപ്പെടുകയാണുണ്ടായത്. ജബ്ബാര്‍ എന്ന ഒരു പുതിയ പേരും പോലീസുകാര്‍ ജയേഷിന് നല്‍കി.

മോഷണശ്രമത്തിനിടെ വെട്ടുകത്തികൊണ്ട് സുന്ദരിയമ്മയെ കൊലപ്പെടുത്തിയെന്ന കേസ്സില്‍ 2013 സെപ്തംബര്‍ 11 ന് ആണ് ക്രൈം ബ്രാഞ്ച് ജയേഷിനെ അറസ്റ്റ് ചെയ്യുന്നത്. തെളിവുകള്‍ക്കായി കൊലപാതകത്തിനുപയോഗിച്ചതെന്ന തരത്തില്‍ ഒരു കത്തിയും തൊണ്ടിമുതലുമെല്ലാം പോലീസ് തന്നെ നിര്‍മ്മിച്ചെടുക്കുകയായിരുന്നു.

കൊലപാതകത്തിന് ജയേഷ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയ കത്തിയുടെ രാസപരിശോധനാ ഫലവും, കൊലപാതകം നടക്കുന്ന സമയത്ത് ജയേഷ് തന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നുവെന്ന ഹോട്ടല്‍ ഉടമ ജലീലിന്റെ മൊഴിയുമായിരുന്നു വിചാരണാവേളയില്‍ ഏറെ നിര്‍ണായകമായത്. 39 സാക്ഷികളെ വിസ്തരിച്ച ഈ കേസ്സില്‍ പ്രതിക്കുവേണ്ടി നിയമസഹായ പദ്ധതിപ്രകാരം നിയോഗിക്കപ്പെട്ട അഭിഭാഷകന്‍ എം. അനില്‍കുമാറിന്റെ കാര്യക്ഷമമായ ഇടപെടലുകളും സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാറിന്റെ ശ്രദ്ധേയമായ വിധിന്യാവും കേസ്സില്‍ ജയേഷിന് നീതിയുടെ വെളിച്ചമേകി.

നിരപരാധിയാമെന്ന് തെളിഞ്ഞ ജയേഷിനെ കോടതി നിരുപാധികം വെറുതെവിട്ടു എന്ന് മാത്രമല്ല, വ്യാജതെളിവുകള്‍ നിര്‍മ്മിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ജയേഷിന് നല്‍കണമെന്നും വിധിയിലുണ്ടായിരുന്നു.

ചിത്രം കടപ്പാട്- ന്യൂസ്റപ്റ്റ് 
We use cookies to give you the best possible experience. Learn more