| Monday, 14th October 2019, 1:51 pm

'ദാദ' മാത്രമല്ല, മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കി ജയേഷും എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. ബി.സി.സി.ഐയില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) അംഗീകാരം. കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയാകും.

മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റാകുന്ന കാലയളവിലാണ് ജയേഷും വരിക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി ജയേഷ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഈ സ്ഥാനത്തേക്കും മത്സരമുണ്ടാകാന്‍ സാധ്യതയില്ല.

എസ്.കെ നായര്‍ക്കും ടി.സി മാത്യുവിനും ശേഷം ബി.സി.സി.ഐ ഭാരവാഹിയാകുന്ന മലയാളിയാണ് ജയേഷ്. ഗാംഗുലി അധ്യക്ഷനായ സമിതിയില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തിലേക്കു കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ജയേഷ് മാധ്യമങ്ങളോടു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് ഗാംഗുലിക്കു തുടരാനാവുക 10 മാസം മാത്രമാണ്. പുതിയ നിയമങ്ങള്‍ അനുസരിച്ച് 2020 ജൂലൈ മുതല്‍ അദ്ദേഹത്തിന് കൂളിങ് ഓഫ് പിരീഡാണ്.

കാരണം, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ പല പദവികളും കൈകാര്യം ചെയ്തിട്ടുണ്ട്. നിലവില്‍ പ്രസിഡന്റുമാണ്. ആറുവര്‍ഷക്കാലം മാത്രമേ ഒരാള്‍ക്ക് ക്രിക്കറ്റ് അസോസിയേഷന്‍ പദവികള്‍ വഹിക്കാനാവൂ.

അതുകൊണ്ടുതന്നെ ഇനി അതില്‍ 10 മാസക്കാലമേ അവശേഷിക്കുന്നുള്ളൂ. അതിനിടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ മാറ്റുകയാണു തന്റെ ലക്ഷ്യമെന്ന് ഗാംഗുലി ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരെ ശ്രദ്ധിക്കുകയെന്നുള്ളതാണ് അതിലേറ്റവും പ്രധാനം. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിനോട് (സി.ഒ.എ) ഇക്കാര്യം ഞാന്‍ നേരത്തേ പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല. രഞ്ജി ട്രോഫിയാകണം ശ്രദ്ധാകേന്ദ്രം. ക്രിക്കറ്റ് താരങ്ങളുടെ സാമ്പത്തികകാര്യങ്ങളും ശ്രദ്ധിക്കണം.’- അദ്ദേഹം പറഞ്ഞു.

ഗാംഗുലി അടക്കമുള്ള ഭാരവാഹികള്‍ അധികാരത്തില്‍ കയറുന്നതോടെ 33 വര്‍ഷം നീണ്ട സി.ഒ.എയ്ക്കാണ് തിരശ്ശീല വീഴുന്നത്. ലോധ കമ്മിറ്റി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സി.ഒ.എ നിലവില്‍ വന്നത്.

We use cookies to give you the best possible experience. Learn more