| Thursday, 29th June 2023, 10:13 pm

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജുവല്ലാത്ത മറ്റൊരു മലയാളിയും ടീമില്‍; കേരള ക്രിക്കറ്റിനിത് സന്തോഷവാര്‍ത്ത

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ നിര്‍ണായക റോളില്‍ മലയാളി സാന്നിധ്യം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പ്രസിഡന്റും മുന്‍ ബി.സി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനാണ് ബി.സി.സി.ഐ മറ്റൊരു ചുമതല കൂടി നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ടീമിന്റെ മാനേജറായാണ് അപെക്‌സ് ബോര്‍ഡ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യ എ ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലും മാനേജരുടെ റോളില്‍ ജയേഷ് ഉണ്ടായിരുന്നു.

സൗരവ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനായിരുന്നപ്പോഴാണ് ജയേഷ് ജോര്‍ജ് ബി.സി.സി.ഐയുടെ സഹഭാരവാഹിയാകുന്നത്. നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.

സൗരവ് ഗാംഗുലിക്ക് അപെക്‌സ് ബോര്‍ഡിന്റെ തലപ്പത്ത് വീണ്ടും അവസരം ലഭിക്കാതെ പോയതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജയേഷ് ജോര്‍ജ് വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്.

രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്. ജൂലൈ 12നാണ് പര്യടനത്തിലെ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുന്നത്.

ജൂലൈ 12ന് നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ 2023-25 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്യാംപെയ്‌നിനും തുടക്കമാവുകയാണ്. മൂന്ന് ഹോം സീരീസുകളും മൂന്ന് എവേ സീരീസുകളുമാണ് ഇന്ത്യയുടെ അടുത്ത വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലുള്ളത്.

വിന്‍ഡീസിന് പുറമെ ഓസ്‌ട്രേലിയയിലും സൗത്ത് ആഫ്രിക്കയിലും ഇന്ത്യ പര്യടനം നടത്തുമ്പോള്‍ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവര്‍ ഇന്ത്യയിലെത്തി ടെസ്റ്റ് പരമ്പരകള്‍ കളിക്കും.

ജൂലൈ 20 മുതല്‍ 25 വരെ ക്യൂന്‍സ് പാര്‍ക്ക് ഓവലിലാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുക.

ജൂലൈ 27ന് പര്യടനത്തിലെ ഏകദിന പരമ്പരക്കും ആഗസ്റ്റ് മൂന്നിന് ടി-20 പരമ്പരക്കും തുടക്കമാകും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാള്‍, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെ. എസ്. ഭരത്, ഇഷാന്‍ കിഷന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷര്‍ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

Content Highlight: Jayesh George appointed as manager for India’s tour of West Indies

We use cookies to give you the best possible experience. Learn more