ബോളിംഗ് മാത്രമല്ല ബാറ്റിംഗും തനിക്ക് വഴങ്ങുമെന്ന് സെലക്ടര്‍മാരെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനദ്കട്. തന്റെ ബാറ്റിംഗ് പ്രകടനം ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെച്ചാണ് ഉനദ്കട് ഇക്കാര്യം പറയുന്നത്.
‘ജസ്റ്റ് അനദര്‍ പേസ് ബോളര്‍ ഹു കാന്‍ ബാറ്റ് (നന്നായി ബാറ്റിംഗ് ചെയ്യാനറിയുന്ന മറ്റൊരു പേസ് ബോളര്‍ കൂടി) എന്ന ക്യാപ്ഷനോടെയാണ് താരം ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ബി.സി.സി.ഐയെയോ സെലക്ടര്‍മാരെയോ ടാഗ് ചെയ്യാതെയാണ് തനിക്ക് ബാറ്റിംഗും നന്നായി അറിയാമെന്ന് ഉനദ്കട് പറയുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയടക്കമുള്ള പ്രദേശിക മത്സരങ്ങളില്‍ ബോളര്‍മാരെ പഞ്ഞിക്കിടുന്ന വീഡിയോ ആണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയുടെ താരമാണ് ഉനദ്കട്.
ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സാഹചര്യങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു പേസ് ബോളിംഗ് ഓള്‍റൗണ്ടര്‍ അത്യാവശ്യമാണ്. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ശിവം ദുബെയെയും വിജയ് ശങ്കറിനെയുമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ മാറി മാറി പരിഗണിച്ചുകൊണ്ടേയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താനും ഒട്ടും മോശക്കാരനല്ല എന്ന് ഉനദ്കട് പറയാന്‍ ശ്രമിക്കുന്നത്.
ന്യൂസിലാന്റിനെതിരെ നടക്കുന്ന പരമ്പരയില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നാലെയാണ് താരത്തിന്റെ ട്വീറ്റ്.
അതേസമയം, പല പുതുമുഖങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. വെങ്കിടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് ഇവര്‍ക്ക് ടീമിലേക്കുള്ള വഴി തുറന്നത്.
തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തിന്റെ പേരില്‍ മലയാളി താരം സഞ്ജു സാംസണും ബി.സി.സി.ഐയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. മികച്ച ഒരു ഫീല്‍ഡര്‍ കൂടിയായിട്ടും തന്നെ ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള അമര്‍ശമായിരുന്നു സഞ്ജു പ്രകടിപ്പിച്ചത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സുല്‍ത്താന്‍പൂരില്‍ ഹൈദരാബാദിനെതിരെ ഉനദ്കട് അര്‍ധസെഞ്ച്വറി നേടിയിരുന്നു. ജയദേവിന്റെ ബാറ്റിംഗ് കരുത്തില്‍ സൗരാഷ്ട്ര സെമിയില്‍ പ്രവേശിക്കുകയും ചെയ്തു.