| Thursday, 1st August 2019, 7:33 pm

ജയവര്‍ധനെ, ടോം മൂഡി, റോബിന്‍ സിങ്.. അതോ ശാസ്ത്രി തുടരുമോ? ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ആര്‍ക്കെന്ന് ഉടനറിയാം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ തോറ്റ് മടങ്ങേണ്ടിവന്നതും നിലവിലുള്ള പരിശീലകന്റെ കാലാവധി അവസാനിച്ചതും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് പുതിയ നിയമനം നടക്കാനുള്ള സാധ്യതകള്‍ കൂട്ടുന്നു. നിലവിലുള്ള പരിശീലകന്‍ രവി ശാസ്ത്രി തുടരാനുള്ള സാധ്യതകള്‍ നിലനില്‍ക്കെത്തന്നെ പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് ബി.സി.സി.ഐ കടന്നുകഴിഞ്ഞു.

പരിശീലക സ്ഥാനത്തേക്ക് അപേക്ഷകള്‍ സമര്‍പ്പിച്ച അഞ്ചു പ്രമുഖരുടെ പേരുകളാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്.

ഓസ്‌ട്രേലിയനും ഇപ്പോള്‍ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനുമായ ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സണ്‍, ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് പരിശീലകനുമായ മഹേല ജയവര്‍ധനെ, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ റോബിന്‍ സിങ്, മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍, ഇപ്പോഴത്തെ സിംബാബ്‌വെ പരിശീലകന്‍ ലാല്‍ചന്ദ് രാജ്പുത് എന്നിവരാണവര്‍.

ചൊവ്വാഴ്ചത്തോടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചിരുന്നു. ഈ മാസം മധ്യത്തോടെ അഭിമുഖങ്ങളെല്ലാം പൂര്‍ത്തിയാകുന്നതോടെ പരിശീലകന്റെ കാര്യത്തില്‍ തീരുമാനമാകും.

ശാസ്ത്രി തുടരാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തിന്റെ അഭിമുഖം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തും. അദ്ദേഹം ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരിക്കും എന്നതിനാലാണിത്.

അതേസമയം ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പരിശീലകനെ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകിച്ച് റോളൊന്നും കിട്ടാനിടയില്ല. കോഹ്‌ലിയുടെ അഭിപ്രായത്തിന് ഇക്കാര്യത്തില്‍ പ്രാധാന്യമില്ലെന്ന് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി (സി.എ.സി) അംഗം അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് കഴിഞ്ഞദിവസം പറഞ്ഞത്. തന്റെ അഭിപ്രായം ചോദിച്ചാല്‍ പറയുമെന്നായിരുന്നു അദ്ദേഹം ഇതേക്കുറിച്ചു പറഞ്ഞത്.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ ലോകകപ്പോടെ കരാര്‍ അവസാനിച്ച ശാസ്ത്രിക്കും സഹ പരിശീലകര്‍ക്കും ഇപ്പോള്‍ 45 ദിവസം നീട്ടിനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിന്‍ഡീസില്‍ നടക്കുന്ന ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകളില്‍ അവര്‍ ടീമിനൊപ്പം നില്‍ക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more