ന്യൂദല്‍ഹി: ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ തോറ്റ് മടങ്ങേണ്ടിവന്നതും നിലവിലുള്ള പരിശീലകന്റെ കാലാവധി അവസാനിച്ചതും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് പുതിയ നിയമനം നടക്കാനുള്ള സാധ്യതകള്‍ കൂട്ടുന്നു. നിലവിലുള്ള പരിശീലകന്‍ രവി ശാസ്ത്രി തുടരാനുള്ള സാധ്യതകള്‍ നിലനില്‍ക്കെത്തന്നെ പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് ബി.സി.സി.ഐ കടന്നുകഴിഞ്ഞു.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷകള്‍ സമര്‍പ്പിച്ച അഞ്ചു പ്രമുഖരുടെ പേരുകളാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്.
ഓസ്‌ട്രേലിയനും ഇപ്പോള്‍ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനുമായ ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സണ്‍, ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് പരിശീലകനുമായ മഹേല ജയവര്‍ധനെ, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ റോബിന്‍ സിങ്, മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍, ഇപ്പോഴത്തെ സിംബാബ്‌വെ പരിശീലകന്‍ ലാല്‍ചന്ദ് രാജ്പുത് എന്നിവരാണവര്‍.
ചൊവ്വാഴ്ചത്തോടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചിരുന്നു. ഈ മാസം മധ്യത്തോടെ അഭിമുഖങ്ങളെല്ലാം പൂര്‍ത്തിയാകുന്നതോടെ പരിശീലകന്റെ കാര്യത്തില്‍ തീരുമാനമാകും.