കമല്‍ ഹാസനെ പറ്റി ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ജയസൂര്യ. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സില്‍ വെച്ച് 20 വര്‍ഷത്തെ അഭിനയജീവിതത്തിന് കമല്‍ ഹാസനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രമാണ് ജയസൂര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
20 വര്‍ഷം പിന്നിടുമ്പോള്‍ ഇത്ര വലിയ ഒരു മുഹൂര്‍ത്തം ഉണ്ടാകുമെന്ന് കരുതിയതല്ലെന്ന് ജയസൂര്യ പറഞ്ഞു. ഈ മഹാപ്രതിഭയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞത് പുണ്യമായി കരുതുന്നുവെന്നും അദ്ദേഹം കുറിച്ചു.
‘കലാദേവത കനിഞ്ഞു തന്ന സമ്മാനം.
ഒരു സിനിമയില്‍ പോലും അഭിനയിക്കും എന്നു കരുതിയ ആളല്ല ഞാന്‍. ഇപ്പോള്‍ 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇത്രയും വലിയ ഒരു മുഹൂര്‍ത്തം ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. ഏഷ്യാനെറ്റിന് എന്റെ നിറഞ്ഞ സ്‌നേഹം, നന്ദി, ഒപ്പം എന്നെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച എന്റെ ഗുരുനാഥന്‍ വിനയന്‍ സാറിനും.
‘സകലകലാവല്ലഭന്‍’ എന്ന വാക്ക് തന്നെ നമ്മള്‍ ഉപയോഗിക്കുന്നത് ഇദ്ദേഹത്തിനു വേണ്ടി മാത്രം ആണോ എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. ആ പ്രതിഭക്ക് ഒപ്പം രണ്ടു ചിത്രങ്ങള്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ( വസൂല്‍ രാജ MBBS , Four Friends )
20years Acting excellence പുരസ്‌കാരം ഈ മഹാപ്രതിഭയില്‍ നിന്നും സ്വീകരിക്കാന്‍ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ പുണ്യമായി ഞാന്‍ കരുതുന്നു. ഇതു സാധ്യമായത് എന്റെ മാത്രം കഴിവല്ല എന്ന തിരിച്ചറിവില്‍, ഇതിനു കാരണമായ എല്ലാത്തിനും എല്ലാവര്‍ക്കും എന്റെ പ്രണാമം,’ ജയസൂര്യ കുറിച്ചു.
View this post on Instagram
ഈശോയാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ജയസൂര്യയുടെ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം സോണി ലിവിലാണ് റിലീസ് ചെയ്തത്.
Content Highlight: Jayasurya with a heart touching note about Kamal Haasan