| Saturday, 1st November 2014, 9:20 pm

തടി കൂട്ടാനൊരുങ്ങി ജയസൂര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഭിനയത്തിന് വേണ്ടി പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത് ജയസൂര്യയെ സംബന്ധിച്ച് വലിയ കാര്യമൊന്നുമല്ല. “അപ്പോത്തിക്കിരി” എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം 10 കിലോ കുറച്ചിരുന്നു. ഭക്ഷണം കഴിക്കാത്തതുകൊണ്ട് ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞുവീണതും വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ തന്റെ അടുത്ത ചിത്രത്തിന് വേണ്ടി തടി കൂട്ടാനൊരുങ്ങുകയാണ് താരമിപ്പോള്‍. “ആട്- ഒരു ഭീകര ജീവിയാണ്” എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

“എന്റെ കഴിഞ്ഞ ചിത്രത്തില്‍ ഞാന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു, എന്നാല്‍ അടുത്ത ചിത്രത്തിലേക്ക് വേണ്ടി ഞാനിപ്പോള്‍ ഒരുപാട് കഴിക്കുന്നുണ്ട്. ഷാജി പപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വളരെ ആരോഗ്യകരമായ ശരീരം ഈ കഥാപാത്രത്തിന് ആവശ്യമാണ്. ഒരു വടം വലി ടീമിന്റെ ഉടമസ്ഥനും മാനേജരുമായിട്ടുള്ളയാളാണ് ഷാജി. ഈ കഥാപാത്രത്തെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇപ്പോള്‍ ഞാന്‍ 77 കിലോയാണ് ഉള്ളത്. 80 കിലോയാണ് എന്റെ ലക്ഷ്യം. നാല് ദിവസത്തിനുള്ളില്‍ ഞാന്‍ ലക്ഷ്യത്തിലെത്തും എന്ന് ചലഞ്ച് വച്ചിട്ടുണ്ട്” ജയസൂര്യ പറയുന്നു.

ആരോഗ്യകരമായ ശരീരത്തിന് വേണ്ടി ദിവസവും കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിക്കുകയും നല്ല രീതിയില്‍ വ്യായാമം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ജയസൂര്യ പറഞ്ഞു. 45 ദിവസമാണ് ഷൂട്ടിങെന്നും അതുകഴിഞ്ഞാല്‍ ഭാരം കുറയ്ക്കുന്നതിന് വേണ്ടി കഷ്ടപ്പെടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“പുതിയ വേഷങ്ങള്‍ ചെയ്യാനും പുതിയ പരീക്ഷണങ്ങള്‍ നടത്താനും ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ ചിത്രത്തിലും വളരെ വ്യത്യസ്തമാണ് എന്റെ വേഷം.” ജയസൂര്യ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more