| Wednesday, 14th October 2020, 3:53 pm

'ഫോണിന്റെ അപ്പുറത്തെ തലക്കല്‍ ജയേട്ടന്റെ തൊണ്ട ഇടറുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു'; സജനയ്ക്ക് താങ്ങായ ജയസൂര്യയെ കുറിച്ച് തിരക്കഥാകൃത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ജീവിക്കാനനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ സജന ഷാജിക്ക് പിന്തുണയുമായി സിനിമാ രംഗത്തുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് നടന്‍ ജയസൂര്യയും പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ് വ്യക്തികളുടെ കഥ പറയുന്ന ‘ ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലൂടെ മേരിക്കുട്ടി എന്ന കഥാപാത്രത്തെ അഭ്രപാളിയില്‍ അവിസ്മരണീയമാക്കിയ താരം കൂടിയാണ് ജയസൂര്യ.

മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ജയസൂര്യയെ തേടിയെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം മേരിക്കുട്ടി നേടിത്തന്ന അംഗീകാരത്തിന് ഈ വര്‍ഷം അതേസമയത്ത് കൊച്ചിയിലെ മേരിക്കുട്ടിക്ക് (സജന) താങ്ങാവാന്‍ സാധിച്ചത് കേവലം ആകസ്മികത മാത്രമാണോ അതോ അഭ്രപാളിയിലെ മേരിക്കുട്ടിയ്ക്കപ്പുറം ‘അവള്‍’ ഹൃദയത്തില്‍ ചേക്കേറിയത് കൊണ്ടാണോ എന്നാണ് ജയസൂര്യയുടെ പുതിയ ചിത്രമായ കത്തനാരിന്റെ തിരക്കഥാകൃത്തായ ആര്‍. രാമാനന്ദ് ഫേസ്ബുക്കില്‍ എഴുതിയത്.

‘രാവിലെ ജയേട്ടനെ വിളിച്ചു പലതും പറയുന്ന കൂട്ടത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനെ കുറിച്ചും, കഴിഞ്ഞവര്‍ഷത്തെ സന്തോഷകരമായ നിമിഷത്തെ കുറിച്ചും നന്ദിയോടെ ഓര്‍ത്തു. സംസ്ഥാന പുരസ്‌ക്കാരത്തിലേക്ക് പടവ് വിരിച്ച് നടത്തിച്ച മേരിക്കുട്ടിയെ ഓര്‍ത്തു. ഒരു നിമിഷം ഞങ്ങളിരുവരും ഒരുപോലെ മൗനമായി.

ഫോണിന്റെ അപ്പുറത്തെ തലക്കല്‍ അദ്ദേഹത്തിന്റെ തൊണ്ട ഇടറുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അവിടെ കണ്ണീര്‍ നനവ് പൊടിഞ്ഞുവെങ്കില്‍ പ്രകൃതി ഒരുക്കുന്ന വിസ്മയകരമായ ഈ ആകസ്മികതകളില്‍ ഹൃദയം കൃതജ്ഞത കൊണ്ട് നിറയുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കറിയാം.

നന്ദി ജയേട്ടാ, ഈ മനോഹരമായ നിമിഷം അറിയാതെയെങ്കിലും സമ്മാനിച്ചതിന്. അപാര കരുണാവാരിധിയായ പ്രകൃതി വാരിചൊരിഞ്ഞു തരുന്നതിന് നന്ദിപൂര്‍വ്വം അല്‍പ്പമെങ്കിലും തിരിച്ചു കൊടുക്കണം എന്ന തിരിച്ചറിവിലും വലിയ എന്തു സമ്പാദ്യമാണ് ഇന്ന് ലഭിക്കാനുള്ളതെന്നും ആര്‍ രാമാനന്ദ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞവര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഹൃദയം സന്തോഷത്തിന്റെ പാരമ്യതയില്‍ ആയിരുന്നു, ഞാന്‍ മേരിക്കുട്ടി ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ജയേട്ടന് മികച്ച നടനുള്ള പുരസ്‌കാരം.

ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള നിമിഷം ആണ് അംഗീകരിക്കപ്പെടുക എന്നുള്ളത്. കുറ്റമറ്റ ഒരു ജൂറി സംവിധാനം ഉള്ള കേരളത്തില്‍ ഒരു അവാര്‍ഡ് നേടുക വലിയ അഭിമാനം തന്നെയാണ്. ഈ വര്‍ഷവും ആര്‍ക്കും നെറ്റി ചുളിയാത്തവിധം ഒരു ഫലപ്രഖ്യാപനം ആണ് ഉണ്ടായിട്ടുള്ളത്. ജേതാക്കളുടെ പ്രതിഭയില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല, അത്രയ്ക്ക് കുറ്റമറ്റ മൂല്യനിര്‍ണയം.

പറഞ്ഞു വരുന്നത് ഇന്നു രാവിലെ ഉണ്ടായ ഒരു തിരിച്ചറിവിന്റെ നിമിഷത്തെ കുറിച്ചാണ്. രാവിലെ ജയേട്ടനെ വിളിച്ചു പലതും പറയുന്ന കൂട്ടത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനെ കുറിച്ചും, കഴിഞ്ഞവര്‍ഷത്തെ സന്തോഷകരമായ നിമിഷത്തെ കുറിച്ചും നന്ദിയോടെ ഓര്‍ത്തു. സംസ്ഥാന പുരസ്‌ക്കാരത്തിലേക്ക് പടവ് വിരിച്ച് നടത്തിച്ച മേരിക്കുട്ടിയെ ഓര്‍ത്തു. ഒരു നിമിഷം ഞങ്ങളിരുവരും ഒരുപോലെ മൗനമായി.

കഴിഞ്ഞവര്‍ഷം മേരിക്കുട്ടി നേടിത്തന്ന അംഗീകാരത്തിന് ഈ വര്‍ഷം അതേസമയത്ത് കൊച്ചിയിലെ മേരിക്കുട്ടിക്ക് ( സജ്‌ന) താങ്ങാവാന്‍ സാധിച്ചത് കേവലം ആകസ്മികതയോ? അതോ അഭ്രപാളിയിലെ മേരിക്കുട്ടിയ്ക്കപ്പുറം ‘അവള്‍’ ഹൃദയത്തില്‍ ചേക്കേറിയത് കൊണ്ടോ ?

ഫോണിന്റെ അപ്പുറത്തെ തലക്കല്‍ തൊണ്ട ഇടറുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അവിടെ കണ്ണീര്‍ നനവ് പൊടിഞ്ഞുവെങ്കില്‍ പ്രകൃതി ഒരുക്കുന്ന വിസ്മയകരമായ ഈ ആകസ്മികതകളില്‍ ഹൃദയം കൃതജ്ഞത കൊണ്ട് നിറയുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കറിയാം.
നന്ദി ജയേട്ടാ, ഈ മനോഹരമായ നിമിഷം അറിയാതെയെങ്കിലും സമ്മാനിച്ചതിന്.

അപാര കരുണാവാരിധിയായ പ്രകൃതി വാരി ചൊരിഞ്ഞു തരുന്നതിന് നന്ദിപൂര്‍വ്വം അല്‍പ്പമെങ്കിലും തിരിച്ചു കൊടുക്കണം എന്ന വലിയ തിരിച്ചറിവിലും വലിയ എന്തു സമ്പാദ്യമാണ് ഇന്ന് ലഭിക്കാനുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jayasurya, Transgender Sajana issue Kathanar movie script writer  R Ramanand FB Post

We use cookies to give you the best possible experience. Learn more