അവതാരകനായി വന്ന് പിന്നീട് സഹനടനായും നായകനായും മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ജയസൂര്യ. നായകന് പുറമെ വില്ലനായും ക്യാരക്ടര്‍ റോളുകളിലും താരം ഒരുപോലെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.
തന്റെ ഏറ്റവും പുതിയ ചിത്രമായ ഈശോയുടെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍സ്റ്റോപ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍, സിനിമകളില്‍ പൊതുവേ ഫിസിക്കാലിറ്റിക്ക് പ്രാധാന്യം കൊടുക്കുന്നുതിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ജയസൂര്യ.
ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കൂര്‍ റാവുത്തറിനെ കുറിച്ചും ആടിലെ ഷാജി പാപ്പനെ കുറിച്ചുമെല്ലാം ജയസൂര്യ തന്റെ മറുപടിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
”ഓരോ കഥാപാത്രത്തിന്റെയും ഇന്നര്‍ ജേര്‍ണി ഓരോ രീതിയിലായിരിക്കും. വിക്കുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അയാള്‍ക്ക് കോണ്‍ഫിഡന്‍സ് ഇല്ലാത്ത സമയത്തും ഉള്ള സമയത്തും അയാള്‍ പെരുമാറുന്നത് വലിയ ട്രാന്‍സ്ഫര്‍മേഷനാണ്.
അമര്‍ അക്ബര്‍ അന്തോണിയില്‍ ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ കാലിന് വൈകല്യമുണ്ട്. പക്ഷെ ആ സിനിമയില്‍ അയാള്‍ എവിടെയും കരഞ്ഞിട്ട് പോലുമില്ല. അയാളുടെ കണ്ണുനീര് എവിടെയും കാണാന്‍ പറ്റില്ല.
അത് എന്തുകൊണ്ടാണ്? കാരണം ഇയാളുടെ ഈ ശാരീരിക സ്ഥിതി വെച്ച് ഇയാള്‍ പണ്ട് കുറേ കരഞ്ഞിട്ടുണ്ട്. എത്രയോ പേര്‍ കളിയാക്കിയിട്ടുണ്ടാകും. തലയണയായിരിക്കും അയാളുടെ കണ്ണുനീര്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുണ്ടാവുക, വീട്ടുകാര്‍ പോലുമായിരിക്കില്ല. അങ്ങനെ അതെല്ലാം തരണം ചെയ്തായിരിക്കും അയാള്‍ റിയാലിറ്റിയിലേക്കെത്തിയിട്ടുണ്ടാവുക.
ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കൂര്‍ റാവുത്തര്‍ എന്ന കഥാപാത്രത്തിന് സ്വര്‍ണപല്ലുണ്ട്. എന്റെ അമ്മയുടെ അച്ഛന് അങ്ങനെയൊരു സ്വര്‍ണപ്പല്ലുണ്ടായിരുന്നു. പണ്ടത്തെ കാലത്തെ ഒരു സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റായിരുന്നു അത്.
പണം കയ്യിലുള്ളവര്‍ അത് കാണിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നതാണ്. അത് എന്റെ ഓര്‍മയിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അത് സിനിമയിലേക്ക് കൊണ്ടുവന്നത്.
അത് കാണിച്ചപ്പോള്‍ അമലും (അമല്‍ നീരദ്) ഹാപ്പിയായിരുന്നു.
ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിന്റെ കാര്യത്തില്‍ തലയിലെ നര മാത്രമായിരുന്നു എന്നോട് പറഞ്ഞിരുന്നത്. കൊമ്പന്‍ മീശയൊക്കെ കൊടുത്താലോ, എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘ചേട്ടാ, ചേട്ടന് വല്ല ഭ്രാന്തുമുണ്ടോ, അത് വേണ്ട’ എന്നായിരുന്നു അവര്‍ പറഞ്ഞത്.
‘ഇല്ലെടാ, നന്നാകും, നീയെന്നെ വിശ്വസിക്ക്’ എന്ന് ഞാന്‍ പറഞ്ഞു. അതോടെ ആ കഥാപാത്രത്തിന് ഒരു കോമിക് ലുക്ക് ലഭിച്ചു. ‘പ്രേത’ത്തില്‍ മൊട്ടയടിച്ചതുമെല്ലാം ഇങ്ങനെ ഓരോ ഭ്രാന്തുകളല്ലേ. ഓരോ കഥാപാത്രത്തെയും പ്ലേസ് ചെയ്തിരിക്കുന്നതും ഓരോ രീതിയിലായിരിക്കും,” ജയസൂര്യ പറഞ്ഞു.
Content Highlight: Jayasurya talks about the character of Shaji Pappan in the movie Aadu