| Tuesday, 25th October 2022, 1:30 pm

പയ്യന്‍ തുടങ്ങിയേ ഉള്ളൂ, അപ്പോഴേക്കും കമല്‍ സാറിന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി എന്ന് ഞാന്‍ ധനുഷിനെ കുറിച്ച് പറഞ്ഞു; രണ്ട് ദിവസം കഴിഞ്ഞപ്പൊ ഒരു കോള്‍ വന്നു: ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാ ലോകത്തെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളാണ് കമല്‍ ഹാസന്‍. ഏറ്റവുമൊടുവില്‍ വിക്രം എന്ന സിനിമയിലൂടെ തന്റെ പ്രതാപകാല ബോക്‌സ് ഓഫീസ് മേധാവിത്വവും താരം പിടിച്ചടക്കിയിരുന്നു.

തന്റെ സിനിമാ കരിയറിന്റെ തുടക്കകാലത്ത് തന്നെ കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ ഒരനുഭവം പങ്കുവെക്കുകയാണ് നടന്‍ ജയസൂര്യ. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസൂല്‍രാജ എം.ബി.ബി.എസ് എന്ന സിനിമയില്‍ ധനുഷിനെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നതെന്നും എന്നാല്‍ പിന്നീട് ആ റോള്‍ തനിക്ക് ലഭിച്ചെന്നുമാണ് ജയസൂര്യ പറയുന്നത്.

”ഞാന്‍ സിനിമയിലെത്തി കുറച്ച് കാലമേ ആയിട്ടുള്ളൂ. സ്വപ്‌നക്കൂട് സിനിമയൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. കരിയറിന്റെ തുടക്കകാലം, മൂന്നാല് വര്‍ഷമേ ആയിട്ടുള്ളൂ.

ഒരു ദിവസം ഞാനും ഭാര്യ സരിതയും കൂടെ നടക്കാന്‍ വേണ്ടി പുറത്തിറങ്ങിയ സമയത്ത് മാഗസിന്‍ വാങ്ങാന്‍ വേണ്ടി ഒരു ഷോപ്പില്‍ കയറി. മാഗസിന്‍ വാങ്ങി മറിച്ചുനോക്കി, ലാസ്റ്റ് പേജിലെത്തി.

‘ധനുഷ് കമല്‍ഹാസന്റെ കൂടെ അഭിനയിക്കുന്നു’ എന്നുള്ള ഒരു റിപ്പോര്‍ട്ട് ആ പേജില്‍ കണ്ടു. അപ്പോള്‍ ഞാന്‍ ഭാര്യയുടെ അടുത്ത്, ‘നോക്ക്, പയ്യന്‍ തുടങ്ങിയിട്ടേ ഉള്ളൂ, അപ്പോഴേക്കും കമല്‍ സാറിന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യമൊക്കെ ഉണ്ടായി’ എന്ന് പറഞ്ഞു.

വസൂല്‍രാജ എം.ബി.ബി.എസ് എന്ന സിനിമയായിരുന്നു അത്. ആ വാര്‍ത്തയൊക്കെ കണ്ട് ഒരു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു കോള്‍ വന്നു. ഈ സിനിമയിലേക്ക് വിളിച്ചുകൊണ്ടായിരുന്നു ആ കോള്‍.

‘ഞങ്ങള്‍ കമല്‍ സാറിന്റെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നത്. ഞങ്ങളോട് സാര്‍ വിളിക്കാന്‍ പറഞ്ഞതാണ്. ഇങ്ങനെയൊരു കഥാപാത്രമുണ്ട്. മുന്നാഭായ് എം.ബി.ബി.എസിന്റെ റീമേക്കാണ്.’ എന്നൊക്കെ പറഞ്ഞു. ഞാന്‍ ദൈവമേ, എന്ന് വിചാരിച്ചു.

നേരിട്ട് ഇങ്ങോട്ട് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. പിന്നെന്താ എന്ന് ഞാന്‍ പറഞ്ഞു.

പിറ്റേതിന്റെ പിറ്റേ ദിവസം ഞാന്‍ പോകുന്നു, കമല്‍ സാറിനെ നേരിട്ട് കാണുന്നു, ആ സിനിമയില്‍ അഭിനയിക്കുന്നു. അതൊരു ഭയങ്കര സംഭവമല്ലേ. കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പറ്റുക എന്ന് പറയുന്നത്,” ജയസൂര്യ പറഞ്ഞു.

ഫോര്‍ ഫ്രണ്ട്‌സ് എന്ന മലയാളം ചിത്രത്തിലും ജയസൂര്യ കമല്‍ ഹാസനൊപ്പം അഭിനയിച്ചിട്ടുണ്ട്. അതേസമയം, നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ ആണ് ജയസൂര്യയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Content Highlight: Jayasurya talks about Dhanush and Kamal Haasan

We use cookies to give you the best possible experience. Learn more