ഒരു കാലത്ത് തുടർച്ചയായി തമാശ സിനിമകൾ പ്രേക്ഷകർക്ക് നൽകിയ നടനാണ് ജയസൂര്യ. പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു എന്നീ സിനിമകൾ അതിൽ പെടും. ആ സിനിമകളിലെയൊക്കെ പല സീനുകളും ആളുകൾ ഇന്നും കാണുന്നതും ഓർത്ത് ചിരിക്കുന്നതുമാണ്.
ആളുകൾ ചതിക്കാത്ത ചന്തു പോലെ ഒരു സിനിമ ചെയ്യണേയെന്ന് പറയാറുണ്ടെന്നും, ലോജിക് വെച്ചാണ് ആളുകൾ ഇന്ന് തമാശയെ കാണുന്നതെന്നും പറയുകയാണ് ജയസൂര്യ. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ ഈ കാര്യങ്ങൾ സംസാരിക്കുന്നത്.
‘ഇന്നും ആളുകൾ ചതിക്കാത്ത ചന്തു പോലത്തെ ഒരു സിനിമ ചെയ്യണേ എന്ന് പറയാറുണ്ട്. തുടർച്ചയായ തമാശയുള്ള സിനിമയാണ് ചതിക്കാത്ത ചന്തുവും പുലിവാൽ കല്യാണവുമൊക്കെ. അതുണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. ആട് സിനിമ പോലെ ഇന്നും ആളുകൾ യൂട്യുബിൽ കാണുന്ന സിനിമകളാണ് അതൊക്കെ. അന്ന് പറഞ്ഞ തമാശകൾ എന്ന് പറയാൻ പറ്റുമോ അല്ലെങ്കിൽ വർക്ക് ആകുമോ എന്നറിയില്ല. കാറിൽ നിന്നും ടയർ ഊരി പോയി എന്നുപറയുന്ന സീൻ ഒക്കെ അതിൽ വരുന്നുണ്ട്. അതിനെയൊക്കെ ആളുകൾ തമാശയായി കണ്ടിരുന്നു.
ഇന്ന് ലോജിക് വെച്ചാണ് ആളുകൾ തമാശയെ കാണുന്നത്. അത് കുറച്ച് ബുദ്ധിമുട്ട് ആണ്. അന്ന് ചളി എന്ന് പറഞ്ഞ വാക്കൊന്നുമില്ലല്ലോ. ഇന്ന് തമാശ പറഞ്ഞാൽ എന്ത് ചളിയാടോ എന്ന് ചോദിക്കും. അത് കാലത്തിനനുസരിച്ചുള്ള മാറ്റമാണ്. അന്ന് യൂട്യൂബ് ഒന്നുമില്ല, പുതിയ തമാശ കേൾക്കാനുള്ള സാഹചര്യം എന്ന് പറയുന്നത് മിമിക്രി കാസറ്റുകളും ഇങ്ങനെത്തെ സിനിമകളുമാണ്. പക്ഷെ ഇന്ന് അങ്ങനെയല്ല. ഒരുപാട് സ്‌കിറ്റുകൾ, യൂട്യൂബ് വീഡിയോസ് ഒക്കെ ഉണ്ട്. അതുകൊണ്ട് തന്നെ ഇതിനെയൊക്കെ ബീറ്റ് ചെയ്യുന്ന സാധനങ്ങൾ വരണം സിനിമയിലാണെങ്കിൽ. അല്ലെങ്കിൽ ആളുകൾ അത് ചളിയാണെന്ന് പറയും’, ജയസൂര്യ പറഞ്ഞു.
Content Highlight: Jayasurya talking about his comedy movies