കൊച്ചി: ജീവിക്കാനനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ സജന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ. സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ വേണ്ട സാമ്പത്തികസഹായം നല്‍കുമെന്ന് ജയസൂര്യ പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.
തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജി പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
സജന ബിരിയാണി വില്‍പ്പന നടത്തുന്നതിന് സമീപത്ത് കച്ചവടം നടത്തുന്നവര്‍ ഇവരുമായി ബഹളം വെക്കുന്നതിന്റെ വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങള്‍ക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവര്‍ പറഞ്ഞിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സജനയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സജനയ്ക്ക് പിന്തുണയുമായി നടി നസ്രിയ നസീമും രംഗത്തെത്തിയിരുന്നു.
പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട് സജനയുടെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കു വെച്ചു കൊണ്ടാണ് നസ്രിയ പിന്തുണയറിയിച്ചത്. ഒപ്പം നടന്‍ ഫഹദ് ഫാസിലും വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ചിട്ടുണ്ട്. നടിമാരായ കനി കുസൃതി, ശ്രിന്ദ തുടങ്ങിയവരും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് സജനയെ കച്ചവടം ചെയ്യാന്‍ അനുവദിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയും രംഗത്തെത്തിയിരുന്നു.
സജനയ്ക്കും സുഹൃത്തുക്കള്‍ക്കും സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം നേരിട്ട സംഭവത്തില്‍ നടപടിയെടുക്കുന്നതിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ പറഞ്ഞിരുന്നു. സജനയെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Jayasurya Supports Transgender Sajna Shaji