| Sunday, 18th February 2024, 2:10 pm

'കലാകാരന് പാര്‍ട്ടിയില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍': ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഒരു കലാകാരനാണെന്നും, കലാകാരന് പാര്‍ട്ടിയില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും നടന്‍ ജയസൂര്യ. കൊച്ചിയില്‍ മനോരമന്യൂസ് സംഘടിപ്പിച്ച കേരള കാന്‍ എന്ന കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. കര്‍ഷകര്‍ക്കു വേണ്ടി സംസാരിച്ചത്, അന്ന് അങ്ങനെയൊരു വേദി ലഭിച്ചതുകൊണ്ടാണെന്നും, ചാനല്‍ ചര്‍ച്ചകളില്‍ പോയി സംസാരിക്കാന്‍ താത്പര്യമില്ലാത്ത ഒരാളാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

‘എന്നെ സംബന്ധിച്ച് ഇത്രയുംപേരുടെ മുന്നില്‍ വച്ച് സംസാരിക്കാന്‍ അവസരമുണ്ടായിട്ടില്ല. ചാനല്‍ ചര്‍ച്ചകളില്‍ പോയിരുന്ന് സംസാരിക്കാന്‍ താത്പര്യവുമില്ല. ഇങ്ങനെയൊരു വേദിയില്‍ വച്ച് പറയുകയാണ്, ജയസൂര്യ എന്ന വ്യക്തിക്ക് രാഷ്ട്രീയ പാര്‍ട്ടികളോട് ചായ്‌വില്ല. അതിപ്പോള്‍ കോണ്‍ഗ്രസ് ആയാലും, കമ്മ്യൂണിസ്റ്റ് ആയാലും, ബി.ജെ.പി ആയാലും, ആരോടും ചായ്‌വില്ല. കാരണം ഞാന്‍ ഒരു കലാകാരനാണ്. കലാകാരന് പാര്‍ട്ടിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരും അവന്റെ കണ്ണില്‍ ഒരുപോലെയാണ്. കലാകാരനെന്നു പറഞ്ഞാല്‍ ജാതിക്കും മതത്തിനുമപ്പുറമാണ്’ ജയസൂര്യ പറഞ്ഞു.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് കര്‍ഷകര്‍ക്ക് നെല്ലിന്റെ വില കിട്ടാത്തതിനെക്കുറിച്ച് ഭക്ഷ്യമന്ത്രിയുള്ള സദസില്‍ വെച്ച് ജയസൂര്യ സൂചിപ്പിച്ചിരുന്നു. അത് വലിയ വിവാദത്തിന് വഴിവെച്ചു. എന്നാല്‍ ഇപ്പോള്‍ ദല്‍ഹിയില്‍ കര്‍ഷകര്‍ സമരം നടത്തുമ്പോള്‍ കര്‍ഷകസ്‌നേഹം എവിടെപ്പോയെന്ന് ചോദിച്ചുകൊണ്ട് പലരും രംഗത്തത്തിയിരിക്കുകയാണ്. ഭ്രമയുഗം സിനിമയെക്കുറിച്ച് താരം ഇട്ട പോസ്റ്റിന് താഴെ കര്‍ഷകസ്‌നേഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കമന്റ് ബോക്‌സില്‍ മുഴുവന്‍.

സാമൂഹിക പ്രതിബദ്ധത കൊണ്ടുള്ള ഇടപെടലുകളാണ് ജയസൂര്യയുടേതെന്ന് താരത്തിന്റെ സുഹൃത്തും നടനുമായ കൃഷ്ണകുമാര്‍ ഇതേ വേദിയില്‍ പറഞ്ഞു.

Content Highlight: Jayasurya states that he has no political intentions

We use cookies to give you the best possible experience. Learn more