| Sunday, 3rd July 2022, 4:46 pm

ഇനി നിനക്ക് ഞാൻ വിക്കും കൂടെ എഴുതിക്കൊണ്ട് വരാം, അതൊക്കെ സ്വയം ചെയ്തോളണം; സു സു സുധി വാത്മീകം ഓർമ്മകൾ പങ്കുവെച്ച് ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യ നായകനായെത്തിയ സു സു സുധി വാത്മീകം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സുധി എന്ന വിക്കുള്ള കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ വേണ്ടി ജയസൂര്യ ചെയ്ത ഹാർഡ് വർക്ക് പലരും എടുത്ത് പറയാറുണ്ട്. വിക്കുമൂലം സുധി നേരിടുന്ന പ്രശ്നങ്ങളും സഹിക്കേണ്ടി വന്ന അപമാനവും അദ്ദേഹം വളരെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചു. പ്രേമവും പ്രേമനൈരാശ്യവുമെല്ലാം തന്മയത്വത്തോടുകൂടി ജയസൂര്യ കൈകാര്യം ചെയ്തു.

ജന്മനാ വിക്കുള്ള ഒരാളെ അഭിനയിച്ചു ഫലിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്നും സിനിമയുടെ തുടക്കസമയ ചർച്ചകളിൽ രഞ്ജിത്ത് പറഞ്ഞ രസകരമായ സംഭാഷണങ്ങളെക്കുറിച്ചും പറയുകയാണ് ജയസൂര്യ. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്.

‘ഞാൻ ചെയ്തതിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള സിനിമയായിരുന്നു സു സു സുധി വാത്മീകം. കാരണം സിനിമയിലുടനീളം എങ്ങനെ വിക്കുള്ള കഥാപാത്രത്തെ അവതരിപ്പിക്കും എന്നതിൽ എനിക്ക് സംശയമുണ്ടായിരുന്നു. ചിലപ്പോൾ അയാൾ വീട്ടിൽ സംസാരിക്കുമ്പോൾ വിക്കുന്നുണ്ടാവില്ല, സുഹൃത്തുക്കളുടെ അടുത്ത് പോകുമ്പോൾ അതിന്റെ ലെങ്ത് ചിലപ്പോൾ കുറവായിരിക്കും. വളരെ ഡീറ്റൈലായിട്ടുള്ള അന്വേഷണം വേണ്ടി വന്നിട്ടുള്ള സിനിമയാണത്.

പിന്നെ രഞ്ജിത്ത് ശങ്കർ വളരെ ഗംഭീരമായി എഴുതിയിട്ടുള്ള കഥയാണത്. രഞ്ജിത്ത് സ്ക്രിപ്റ്റുമായി വന്നപ്പോൾ ഞാൻ ചോദിച്ചു ഇതിൽ എവിടെയാണ് ഞാൻ വിക്ക് വരുത്തേണ്ടതെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ഇനി നിനക്ക് വിക്കും കൂടെ എഴുതി കൊണ്ട് വരാം. അതൊന്നും എനിക്ക് അറിയില്ല നിങ്ങൾ ചെയ്തോളണം എന്ന് പറഞ്ഞു. ശരിയാണ്, ആക്ടറിന്റെ ഡ്യൂട്ടിയാണത്. അത് ഭയങ്കര ചലഞ്ചിങ്ങ് ആയിട്ടുള്ള സിനിമയാണ്,’ ജയസൂര്യ പറഞ്ഞു.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശിവദ, അജു വർഗീസ്, ടി.ജി. രവി, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Jayasurya shares memories about Ranjith Shankar and movie su su sudhi vathmeekam

We use cookies to give you the best possible experience. Learn more