| Friday, 27th May 2022, 5:11 pm

'എന്റെ റിയാസ് ഭായ് എന്താണിത്, റോഡൊക്കെ ഭയങ്കര പ്രശ്‌നം ആണല്ലോ'; ജയാ ഒരു മിനുട്ട്; മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ച അനുഭവം പങ്കുവെച്ച് ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ കാലത്ത് കോമഡി റോളുകളിലൂടെ പ്രേക്ഷക മനസുകള്‍ കീഴടക്കിയ താരമാണ് ജയസൂര്യ. പിന്നീട് സീരിയസ് റോളുകളിലേക്ക് കളം മാറിയ ജയസൂര്യ ഇന്ന് മലയാളത്തില്‍ ഏറെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നൊരു നടനാണ്.

നടനെന്ന പോലെ തന്നെ സാമൂഹിക വിഷയങ്ങളിലും ഇടപെടലുകള്‍ താരം നടത്താറുണ്ട്.മുന്‍പ് പല തവണ കേരളത്തിലെ റോഡുകളുടെ ശോചന്യാവസ്ഥക്ക് എതിരെ താരം രംഗത്ത് എത്തിയിട്ടുണ്ട്.

റോഡുകളുടെ അവസ്ഥയെ കുറിച്ച് പറയാനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചതിനെ കുറിച്ച് പറയുകയാണ് ജയസൂര്യ ഇപ്പോള്‍. വണ്ടര്‍ വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

‘വാഗമണ്ണില്‍ ഷൂട്ടിങ്ങിന് പോയപ്പോള്‍ ഒരുപാട് ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമായിട്ട് കൂടി മുഴുവന്‍ കുണ്ടും കുഴിയുമായിരുന്നു റോഡില്‍ കണ്ടത്, അങ്ങനെയാണ് ഞാന്‍ റിയാസിനെ വിളിച്ചത് ‘ എന്റെ റിയാസ് ഭായ് എന്താണിത് റോഡ് ഒക്കെ ഭയങ്കര പ്രശ്‌നം ആണല്ലോ എന്ന് ഞാന്‍ ചോദിച്ചു അപ്പോള്‍ തന്നെ ജയാ ഒരു മിനുട്ട് ഹോള്‍ഡ് ചെയ്യ് എന്നും പറഞ്ഞ് അദ്ദേഹം ഒരാളെ വിളിച്ചു. ഇപ്പോള്‍ വാഗമണ്ണിലെ റോഡ് ഗംഭീരമാണ്.’ അപ്പോള്‍ നമ്മള്‍ വിളിച്ച് പറയണം അദ്ദേഹം നല്ല കിടിലന്‍ കക്ഷിയാണ്- എന്നാണ് ജയസൂര്യ പറയുന്നത്.

ജോണ്‍ ലൂഥറാണ് ഏറ്റവും പുതുതായി പുറത്ത് വന്ന ജയസൂര്യ ചിത്രം. അഭിജിത്ത് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.


പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്.
അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യുയാണ് ജോണ്‍ ലൂഥര്‍ നിര്‍മിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ്.എഡിറ്റിങ് ബി.അജിത് കുമാര്‍. ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Content Highlights : Jayasurya shares an experience with minister Muhammed Riyas

We use cookies to give you the best possible experience. Learn more