| Sunday, 26th June 2022, 9:28 am

എന്തു ചെയ്തിട്ടും കഥാപാത്രത്തിലേക്കെത്താന്‍ കഴിഞ്ഞില്ല, ഒരു വഴീമില്ല, ഒടുവില്‍ മമ്മൂട്ടിയെ വിളിച്ചു: ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയത്തില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ മമ്മൂട്ടിയെ വിളിച്ചാണ് ഹെല്‍പ്പ് ചോദിക്കാറുള്ളതെന്ന് ജയസൂര്യ. മമ്മൂട്ടിയൊക്കെ ഗുരുതുല്യരാണെന്നും എന്ത് കാര്യവും ചോദിക്കാന്‍ പറ്റിയ റഫറന്‍സാണെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

‘മമ്മൂക്കയൊക്കെ ഗുരുതുല്യരാണ്. ദൂരെ നിന്ന് കണ്ട ആള്‍ക്കാരൊക്കെ എപ്പോള്‍ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യം തരുന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്. ഒരു ദിവസം ലുക്കാ ചുപ്പിയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത പടത്തില്‍ ഉടന്‍ തന്നെ ജോയിന്‍ ചെയ്യണമായിരുന്നു. കഥാപാത്രത്തിലേക്ക് കയറാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. ഷോട്ട് എടുക്കാന്‍ നിക്കുകയാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു വഴിയും കിട്ടുന്നില്ല.

തലേദിവസം വെളുപ്പിനെ മൂന്ന് മണിക്ക് ലുക്കാ ചുപ്പിയുടെ ഷൂട്ട് കഴിഞ്ഞ് രാവിലെ പുതിയ ലൊക്കേഷനിലെത്തി 7: 30ന് മേക്കപ്പിട്ട് നില്‍ക്കുകയാണ്. ഞാന്‍ ഉടനെ മമ്മൂട്ടിയെ വളിച്ചു. മമ്മൂക്ക ഇങ്ങനൊരു സംഭവമുണ്ട് എന്ന് പറഞ്ഞു. അതിങ്ങനെ ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കൊക്കെ ഇതൊന്നുമല്ല. അത് കിട്ടിയപ്പോള്‍ എനിക്ക് ഓക്കെ ആയി. എന്ത് കാര്യവും ചോദിക്കാന്‍ പറ്റിയ വലിയ റഫറന്‍സാണ് മമ്മൂക്ക,’ ജയസൂര്യ പറഞ്ഞു.

‘ഞാനൊക്കെ ഒരു മാസം ഒരു സിനിമയാണ് ചെയ്യുന്നത്. അടുത്ത മാസം ചിലപ്പോള്‍ സിനിമ ചെയ്യുന്നില്ലായിരിക്കും. മമ്മൂക്കയൊക്കെ ഒരു ദിവസം രണ്ട് സിനിമ മൂന്ന് സിനിമ അഭിനയിച്ച കാലമുണ്ട്. അതായത് ഒരു കഥാപാത്രത്തില്‍ നിന്നും അടുത്ത കഥാപാത്രത്തിലേക്ക് ഇവര്‍ക്ക് സ്വിച്ച് ചെയ്യാനുള്ള സമയം കുറവായിരുന്നു. എന്തൊക്കെയോ സൂത്ര പണികള്‍ ഇവരുടെ കയ്യിലുണ്ടാവും. അതൊക്കെ അവര്‍ പകര്‍ന്നു തരുന്നു എന്നുള്ളത് വലിയ കാര്യമാണ്.

ശരിക്കും പറഞ്ഞാല്‍ മമ്മൂക്കയും ലാലേട്ടനുമൊക്കെ ഒരു പുസ്തകം എഴുതണം. അതൊക്കെ അടുത്ത തലമുറക്ക് സ്റ്റാനിസ്ലാവ്‌സ്‌കിയുടെ പുസ്തകം പോലെ വലിയ റഫറന്‍സാവും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ലൂഥറാണ് ഒടുവില്‍ പുറത്തിറങ്ങിയ ജയസൂര്യയുടെ ചിത്രം. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രം മേയ് 27നാണ് റിലീസ് ചെയ്തത്.

Content Highlight: Jayasurya says that when he has difficulty in acting, he calls Mammootty and asks for help

We use cookies to give you the best possible experience. Learn more