ജയസൂര്യയുടെ കരിയറിൽ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമാണ് ഞാൻ മേരിക്കുട്ടി. ട്രാൻസ്ജെൻഡറായ വ്യക്തികളെ കളിയാക്കിയും അപമാനിച്ചും ശീലിച്ച മലയാള സിനിമയിൽ വേറിട്ട ഒരു അധ്യായമായിരുന്നു ഞാൻ മേരിക്കുട്ടി. രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജയസൂര്യ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങളും അവരുടെ ജീവിതവും ഒരു പരിധിവരെ കൃത്യമായി ചിത്രീകരിക്കാൻ ഈ സിനിമക്ക് സാധിച്ചിരുന്നു. ഞാൻ മേരിക്കുട്ടി എന്ന സിനിമ ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും കാരവനിലിരുന്ന് കരഞ്ഞിരുന്നെന്നും പറയുകയാണ് കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ ജയസൂര്യ.
‘ഞാൻ എന്റെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ സിനിമയാണ് മേരിക്കുട്ടി. നമ്മളെ ഉടച്ചുകളയുക എന്ന് പറയില്ലേ അതുപോലെയായിരുന്നു. ജയസൂര്യ എന്ന ആൾക്ക് ഒരു റോളും ഇല്ല എന്ന് തോന്നിപ്പോകുന്ന സിനിമയാണത്. ഷൂട്ടിന്റെ സമയത്ത് മൂന്നു ദിവസം എനിക്ക് ക്യാരക്ടറിലേക്ക് എത്താനോ ഒന്നും ചെയ്യാനോ പറ്റിയിരുന്നില്ല. അന്ന് കാരവനിലിരുന്ന് ഞാൻ കരച്ചിലായി. നമുക്ക് ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസിനുപോലും അവിടെ സ്ഥാനമില്ല. ആ മൂന്നു ദിവസം ഞാൻ പെട്ടുപോയി. അതുകഴിഞ്ഞ് നാലാമത്തെ ദിവസം ഞാൻ പാക്കപ്പ് പറയാൻ നിൽക്കുകയായിരുന്നു.
എനിക്ക് ചെയ്യാൻ പറ്റുന്നില്ലെന്ന അവസ്ഥയായിരുന്നു. എന്തോ ദൈവസഹായം കൊണ്ട് അത് സംഭവിച്ചതാണ്. അല്ലെങ്കിൽ തൊടാൻ പറ്റില്ലെന്ന കാര്യമുറപ്പാണ്. ചുമ്മാ സ്കിറ്റ് കളിക്കുന്ന പോലെയല്ല ക്യാമറക്കുമുന്നിൽ നിൽക്കുന്നത്. സ്കിറ്റാകുമ്പോൾ വേഷം കെട്ടിയിട്ട് എന്ത്… എന്നൊക്കെ ചോദിക്കാൻ എളുപ്പമാണ്. ചുമ്മാ ഡയലോഗ്സ് പറഞ്ഞാൽ മതി. പക്ഷേ സ്ത്രീയായി മാറുക എന്നത് ഞാൻ ശരിക്കും ആ സിനിമയിലൂടെ അനുഭവിച്ചതാണ്. ആ സിനിമ എന്തോ ഒരു കരുണ കൊണ്ട് സംഭവിച്ചതാണ്. അല്ലാതെ ആ സിനിമക്കകത്ത് എനിക്ക് ഒരു റോളുമില്ല,’ ജയസൂര്യ പറഞ്ഞു.
ജുവൽ മേരി, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, ജോജു ജോർജ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
Content Highlight: Jayasurya says that he was believed that he cant do Njan Marykutty