മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ജയസൂര്യ. വെള്ളം എന്ന സിനിമയിലെ പ്രകടനമാണ് ജയസൂര്യയെ അവാര്‍ഡിനര്‍ഹനാക്കിയത്.
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളത്തില്‍ മദ്യത്തിനടിമപ്പെട്ട മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തിയത്. സിനിമ കണ്ട് ഒരുപാട് പേര്‍ മദ്യപാനം നിര്‍ത്തിയെന്ന് അറിഞ്ഞെന്നും അത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണെന്നും അവാര്‍ഡ് വാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ജയസൂര്യ പ്രതികരിച്ചു.
കഥാപാത്രങ്ങള്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡെന്ന് പറഞ്ഞ ജയസൂര്യ വെള്ളം സിനിമയിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശം നല്‍കാനായെന്നും കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്നും ജയസൂര്യക്കൊപ്പം മാധ്യമങ്ങളെ കണ്ടിരുന്നു.
51ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അല്പസമയം മുന്‍പാണ് പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് മികച്ച സിനിമ.
സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തു.
അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്.
മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Jayasurya response to the state award for best actor