| Friday, 21st December 2018, 7:03 pm

ഈ പ്രേതത്തില്‍ ശരിക്കും പ്രേതമുണ്ട്

അശ്വിന്‍ രാജ്

ഒരു സിനിമ പ്രേമിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ദിവസമാണ് ഈ വെള്ളിയാഴ്ച. ആറിലധികം സിനിമകളാണ് ഒറ്റ ദിവസം റിലീസ് ചെയ്യുന്നത് അതും എല്ലാം ഒന്നിന് ഒന്ന് മെച്ചമുള്ള, പ്രതീക്ഷയുള്ള സിനിമകള്‍. ഏതൊരാളെയും പോലെ എന്നെയും ബുദ്ധിമുട്ടിച്ച ചോദ്യം… ഏത് സിനിമ ആദ്യം കാണും.

അവസാനം കൂട്ടലുകള്‍ക്കും കുറയ്ക്കലുകള്‍ക്കുമൊടുവില്‍ ജയസൂര്യ നായകനായ പ്രേതം 2 കാണാന്‍ തീരുമാനിച്ചു. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ആ തീരുമാനത്തിലേക്ക് എത്തിച്ചത്. ഒന്ന് മെന്റലിസം എന്ന മലയാളികള്‍ക്ക് അത്രയ്ക്ക് പരിചയമില്ലാത്ത ഒരു വിഷയം അവതരിപ്പിച്ച് ഹിറ്റായ ആദ്യ സിനിമയും ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തോടുള്ള ഇഷ്ടവും, രണ്ട് മലയാാളത്തില്‍ ഇനിയൊരു പ്രേതപടത്തിന്റെ അവതരണം  എങ്ങിനെയായിരിക്കും  മൂന്ന് രഞ്ജിത് ശങ്കര്‍ – ജയസൂര്യ എന്ന ടീമിലുള്ള വിശ്വാസം.

എന്തായാലും പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. മലയാള സിനിമയില്‍ പ്രേതം എന്ന സങ്കല്‍പ്പത്തിന് ഇനിയും സ്‌കോപ്പ് ഉണ്ട് എന്ന് പ്രേതത്തിന്റെ രണ്ടാം ഭാഗവും തെളിയിച്ചു. ആദ്യ ഭാഗത്തേക്കാള്‍ ഒരു പക്ഷേ പ്രേതം എന്ന ടൈറ്റിലിനോട് കൂടുതല്‍ സത്യസന്ധത പുലര്‍ത്തിയതും ഈ രണ്ടാം ഭാഗമാണ്. ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ കഥാപാശ്ചാത്തലത്തില്‍ സമകാലീന പ്രാധാന്യമുള്ള വിഷയം ഉള്‍കൊള്ളിച്ചാണ് പ്രേതത്തിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുന്നത്.

Review  സീതാകാത്തി -പുനര്‍ജന്മം കലയിലൂടെ

അഞ്ച് സുഹൃത്തുക്കള്‍ ഒരു ഹ്രസ്വ ചിത്രത്തിനായിട്ടാണ് മംഗലശ്ശേരി മനയില്‍ എത്തുന്നത്. അവിടെ തന്നെ ചികിത്സക്കായി എത്തിയ ഡോണ്‍ ബോസ്‌കോയുമുണ്ട്. സോഷ്യല്‍ മീഡിയ ലോകത്ത് മാത്രം പരിചയമുള്ള എന്നാല്‍ പരസപരം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഇവര്‍ സിനിമ എന്ന സ്വപ്നം ഉള്ളില്‍ കൊണ്ട് നടക്കുന്നവരാണ്.

രാമാനന്ദ് കളത്തിങ്കല്‍ (സിദ്ധാര്‍ത്ഥ് ശിവ), തപസ് മെനോന്‍ ( അമിത് ചക്കാലയ്ക്കല്‍), അനു തങ്കം പൗലോസ് (ദുര്‍ഗ കൃഷ്ണ), നിരജ്ഞന (സാനിയ ഇയപ്പന്‍), ജോഫിന്‍ ടി.ജോണ്‍ (ഡെയ്ന്‍ ഡേവിസ്) പിന്നെ ഡോണ്‍ ബോസ്‌കോയും (ജയസൂര്യ). ഷൂട്ടിംഗിന് എത്തിയ ഈ അഞ്ച് അംഗ സംഘത്തിന് തികച്ചും അസാധാരണങ്ങളായ സംഭവങ്ങളിലൂടെയാണ് കടന്ന് പോകേണ്ടി വന്നത്. അവിടെ അവരുടെ സഹായത്തിനായി ഡോണ്‍ ബോസ്‌കോ കടന്ന് വരുന്നു.

ജീവിതത്തില്‍ ഡോണ്‍ ബോസ്‌കോ ഏറ്റെടുത്തിട്ടുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ കേസാണിത്. ആദ്യ പകുതിയില്‍ പ്രേക്ഷകനെ പോലെ തന്നെ ഡോണും ആശയകുഴപ്പത്തിലാണ്. ആരാണ് ഇവരെ കൂടാതെ ആ മനയിലുള്ളത് ? എന്തിനാണ് ഇവരെ തിരഞ്ഞ് ആ ആത്മാവ് എത്തിയിരിക്കുന്നത് ? എന്താണ് ഈ ഇവരെ പരസ്പരം ബന്ധപ്പെടുത്തുന്ന ആ ഘടകം ?

ഹോററര്‍ മൂഡും മെന്റലിസവും സമര്‍ത്ഥമായി ഇടകലര്‍ത്താന്‍ പ്രേതത്തില്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ സംവിധായകന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നം മെന്റലിസവും ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തിന്റെ സ്വഭാവവും കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കുക എന്നതാണ്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഈ ബാധ്യത ഇല്ലാത്തതിനാല്‍ തന്നെ ഡോണ്‍ ബോസ്‌കോ സിനിമയില്‍ കുറച്ച് കൂടെ സ്വതന്ത്രനാണ്. അയാളുടെ പ്രവൃത്തികള്‍ കുറച്ച് കൂടെ ആളുകളിലേക്ക് നേരിട്ട് എത്തും.

Also Read  ഹലോ പിന്നെ വിളിക്ക് ഞമ്മളൊരു യുദ്ധത്തിന് പോയികൊണ്ടിരിക്കിയാ: “തട്ടുംപുറത്ത് അച്യുതന്റെ ട്രെയിലര്‍”പുറത്ത് – വീഡിയോ

പക്ഷേ അതിശക്തനെന്ന് പറയുന്ന ആ ആത്മാവും ഡോണ്‍ ബോസ്‌കോയും തമ്മിലുള്ള ഒരു നേരിട്ടുള്ള കൗണ്ടര്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ആദ്യ ഭാഗത്തേക്കാള്‍ ഹൊറര്‍ ഫീല്‍ തരുന്നുണ്ടെങ്കിലും ഭയപ്പെടുത്തുന്ന ചില “പ്രേത” അനുഭവങ്ങളില്ലാതായത് ഒരു പോരായ്മ തന്നെയാണ്.

കട്ട മോഹന്‍ലാല്‍ ഫാനായി എത്തിയ സിദ്ധാര്‍ത്ഥ് ശിവയുടെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന രാമാനാന്ദ് കളത്തിങ്കല്‍ പലപ്പോഴും തിയേറ്ററുകളില്‍ ചിരിയുണര്‍ത്തി. ഡെയ്നും ദുര്‍ഗയും അമിതും മികച്ച് നിന്നു. എടുത്ത് പറയേണ്ട മറ്റൊരാള്‍ സാനിയ ഇയ്യപ്പനാണ്. ആദ്യ ചിത്രത്തില്‍ നിന്ന് അഭിനയത്തിന്റെ കാര്യത്തിലും ഡയലോഗ് ഡെലിവറിയിലും ബഹുദൂരം സാനിയ പോയിരിക്കുന്നു.

മണികണ്ഠനും കാര്യസ്ഥന്‍ ഉണ്ണി വാര്യരായെത്തുന്ന ജയരാജ് വാര്യരും സിറ്റി പൊലീസ് കമ്മിഷണറായെത്തിയ മുത്തുമണിയുമെല്ലാം അധിക നേരമില്ലെങ്കിലും കഥാപാത്രത്തോട് നീതി പുലര്‍ത്തി. ഏറെ കാലത്തിന് ശേഷം രാഘവനും പ്രേതത്തില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ വരിക്കാശ്ശേരി മനയും പരിസരവും ഇത്രയും മനോഹരമായി പകര്‍ത്തിയ മറ്റൊരു സിനിമയില്ലെന്ന് പറയാം. കാരണം ആ വീട് മലയാളികള്‍ക്ക് സുപരിചതമാണ്. ഒരോ മുക്കും മൂലയും മലയാളികള്‍ക്ക് സ്വന്തം വീട് പോലെ പരിചിതവുമാണ്. അത് കൊണ്ട് തന്നെ മറ്റ് പടങ്ങളില്‍ കാണാത്ത മനോഹരമായ വിഷ്വലുകളാല്‍ മന അവതരിപ്പിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടു. വിഷ്ണു നാരായണന്‍ എന്ന ഛായാഗ്രഹന്റെ ക്യാമറ മനോഹര ദൃശ്യങ്ങള്‍ക്ക് പുറമേ ത്രില്ലടിപ്പിക്കാന്‍ കഴിയുന്ന വിഷ്വലുകളുമുണ്ട്. ഗാനങ്ങള്‍ ഇല്ലെങ്കിലും ആനന്ദ് മധുസൂദനനന്റെ സംഗീതവും മികച്ച് നിന്നു.

ചിത്രത്തിലെ യഥാര്‍ത്ഥ വില്ലനിലേക്ക് എത്തുന്നത് കുറച്ച് കൂടി ത്രില്ലിംഗ് ആക്കാമായിരുന്നു എന്ന് പടം കണ്ടിറങ്ങിയപ്പോള്‍ തോന്നി. ചില ചോദ്യങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഈ അവധിക്കാലത്ത് കുടുംബവുമായി പോയി കാണാവുന്ന ഒരു നല്ല പടം തന്നെയാണ് പ്രേതം 2

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more