കോഴിക്കോട്: ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഫുട്‌ബോള്‍ ഇതിഹാസം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം “ക്യാപ്റ്റന്‍” നാളെ തിയേറ്ററുകളിലെത്താനിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ജയസൂര്യ. കളിക്കളത്തിലെ മാത്രം വി.പി സത്യനെയല്ല, കളിക്കളത്തിനു പുറത്തുള്ള വി.പി സത്യനെയാണ് സത്യസന്ധമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ജയസൂര്യ പഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്നിനെ കുറിച്ചും ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചു. പുതിയൊരു സംവിധായകന്‍ കൂടി നമ്മളിലേക്ക് എത്തുന്നുവെന്ന് പറഞ്ഞ ജയസൂര്യ വി.പി സത്യനെ വര്‍ഷങ്ങളായി ആത്മാവില്‍ കൊണ്ടു നടക്കുന്നയാളാണ് തന്റെ സുഹൃത്ത് പ്രജേഷ് സെന്‍ എന്നും കൂട്ടിച്ചേര്‍ത്തു.
അവകാശവാദങ്ങളൊന്നുമില്ലാതെയാണ് “ക്യാപ്റ്റന്‍” നാളെ പ്രേക്ഷകരിലേക്ക് എത്തുന്നതെന്നു കൂടി പറഞ്ഞാണ് ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. സിനിമാ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു “ക്യാപ്റ്റനി”ലേതെന്ന് നേരത്തേ ജയസൂര്യ പറഞ്ഞിരുന്നു.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍. ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നിര്‍മല്‍ പാലാഴി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവര്‍ വേഷമിടുന്നു. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം.
മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് ചിത്രമാണ് ക്യാപ്റ്റന്‍. കൂടാതെ ത്രിമാന (3D) മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയ മലയാളത്തിലെ ആദ്യ ചിത്രവമെന്ന ഖ്യാതിയും “ക്യാപ്റ്റനാ”യിരുന്നു.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:
ഒരു പുതിയ സംവിധായകൻ കൂടി നാളെ നമ്മളിലേയ്ക്ക് എത്തുന്നു… സിനിമയെ ജീവനോളം സ്നേഹിയ്ക്കുന്ന , വി.പി സത്യനെ വർഷങ്ങളായി ആത്മാവിൽ കൊണ്ടു നടക്കുന്ന എന്റെ സുഹൃത്ത് പ്രജേഷ് സെൻ…
കളിക്കളത്തിലെ മാത്രം വി.പി.സത്യനെയല്ല ,കളിക്കളത്തിനു പുറത്തുള്ള വി.പി സത്യനയാണ് വളരെ സത്യസന്ധമായി ഞങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്..
ഒരു അവകാശ വാദങ്ങളുമില്ലാതെ നാളെ എത്തുന്നു ” ക്യാപ്റ്റൻ “