| Thursday, 31st August 2023, 9:20 am

എനിക്ക് രാഷ്ട്രീയമില്ല; സംഭരിച്ച നെല്ലിന് ആറ് മാസമായിട്ടും പണം കൊടുക്കാത്തത് അനീതിയല്ലേ: ജയസൂര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: നമ്മളെ ഊട്ടുന്നവര്‍ക്ക് തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് നടന്‍ ജയസൂര്യ. തനിക്ക് രാഷ്ട്രീയമില്ലെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള വേദിയാണതെന്ന് തോന്നിയത് കൃഷി മന്ത്രി ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇടത്-വലത് – ബിജെപി രാഷ്ട്രീയവുമായി എനിക്കൊരു ബന്ധവുമില്ല. കളമശേരിയിലെ കാര്‍ഷികമേളയിലേക്ക് എന്നെ വിളിക്കുന്നത് രാജീവേട്ടനാണ് (മന്ത്രി പി. രാജീവ്), കര്‍ഷകരുടെ എനിക്കറിയാവുന്ന ചില പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള ഒരു വേദിയാണ് അതെന്ന് എനിക്ക് തോന്നിയത് അവിടെ കൃഷിമന്ത്രിയെക്കൂടി കണ്ടപ്പോഴാണ്. മന്ത്രി ആ ചടങ്ങിനുണ്ടെന്ന് ഞാനറിയുന്നത് തന്നെ അവിടെയെത്തിയ ശേഷം മാത്രമാണ്. ഈ വിഷയം വേദിയില്‍ പറയാതെ നേരിട്ടു ചര്‍ച്ച ചെയ്താലും അതു ലക്ഷ്യപ്രാപ്തിയിലെത്തണമെന്നില്ല. അത്തരമൊരു വിഷയം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഉന്നയിക്കേണ്ടതല്ലെന്നും തോന്നി,’ ജയസൂര്യ പറഞ്ഞു.

സംഭരിച്ച നെല്ലിന്റെ വില ആറുമാസം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന് സുഹൃത്തില്‍ നിന്നുമാണ് അറിഞ്ഞതെന്നും ഇത് കടുത്ത അനീതിയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

‘എന്റെ സുഹൃത്തും നടനുമായ കൃഷ്ണ പ്രസാദുമായി ഞാന്‍ കൃഷികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറു മാസത്തിലേറെക്കഴിഞ്ഞിട്ടും കര്‍ഷകര്‍ക്കു കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞാണ് ഞാനറിയുന്നത്. നിങ്ങളെ പോാലുള്ളവര്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കണമെന്നും കൃഷ്ണപ്രസാദ് പറയുമായിരുന്നു. കര്‍ഷകര്‍ കഷ്ടപ്പെട്ട് വിളവിറക്കി കൊടുത്ത നെല്ലിന് അതു സംഭരിച്ചശേഷം ആറ് മാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി എനിക്കു തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണിയില്‍ എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ടും എന്താണ് പാവം കര്‍ഷകര്‍ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ തിരുവോണത്തിന് പട്ടിണിസമരം നടത്തുന്നത്? നമ്മളെ ഊട്ടുന്നവര്‍ക്കു സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്,’ ജയസൂര്യ പറഞ്ഞു.

കഴിഞ്ഞ ദിവസം, കൃഷി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജയസൂര്യ രംഗത്തെത്തിയിരുന്നു. കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് എങ്ങനെയാണ് കൃഷിയിലേക്ക് വീണ്ടും ഒരു തലമുറ വരുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജയസൂര്യയുടെ പരാമര്‍ശത്തിന് പിന്നില്‍ അജണ്ടയുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദും പ്രതികരിച്ചു. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണ പ്രസാദിന് പണം കിട്ടിയിട്ടില്ലെന്നത് തെറ്റാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും വ്യക്തമാക്കിയിരുന്നു. കൃഷ്ണ പ്രസാദ് ബി.ജെ.പി രാഷ്ട്രീയമുള്ളയാളാണെന്നും അയാള്‍ക്ക് കുടിശ്ശികയെല്ലാം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൃഷ്ണ പ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണെന്നും ആ പ്രസ്താവനയുടെ വസ്തുത മനസിലാക്കാതെയാണ് ജയസൂര്യ പ്രതികരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Jayasurya criticise kerala government

We use cookies to give you the best possible experience. Learn more