മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. സൈഡ് റോളുകളിലൂടെ സിനിമയിലെത്തി പിന്നീട് സഹനടനായും നായകനായും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ജയസൂര്യ മലയാളികളുടെ ഹൃദയത്തിലിടം നേടിയത്.
അഭിനയത്തോടുള്ള താരത്തിന്റെ ഡെഡിക്കേഷന്‍ മലയാള സിനമാ ലോകം എന്നും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോവാന്‍ തയ്യാറുള്ള നടനായാണ് സിനിമാലോകം താരത്തെ വിലയിരുത്തുന്നത്.
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും കഥാപാത്രത്തോടുള്ള ഡെഡിക്കേഷനെ കുറിച്ചും തുറന്ന് പറയുകയാണ് താരം ഇപ്പോള്‍. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.
കങ്കാരു എന്ന ചിത്രത്തിന് ശേഷമാണ് കഥയേയും കഥാപാത്രങ്ങളേയും കുറിച്ച് ചിന്തിച്ചു തുടങ്ങിയത് എന്നാണ് ജയസൂര്യ പറയുന്നത്. അതിന് മുന്‍പ് അവര്‍ തരുന്ന ഡയലോഗുകള്‍ പറയുക മാത്രമായിരുന്നു ചെയ്തിരുന്നത്. കഥാപാത്രം സ്‌ട്രോംഗ് ആയതു കൊണ്ടായിരിക്കും സ്വപ്‌നക്കൂടിലും ക്ലാസ്‌മേറ്റ്‌സിലും അങ്ങനെ തോന്നാതിരുന്നതെന്നും അദ്ദേഹം പറയുന്നു.
‘ഒരുപക്ഷേ എന്റെ ഉള്ളില്‍ അക്കാലത്തേ മാറ്റം സംഭവിച്ചിട്ടുണ്ടാകാം. കുറച്ചൂടെ ഇന്റന്‍സ് ആയി എനിക്ക് മാറ്റം തോന്നിയത് കങ്കാരു മുതലാണ്. അത് സമയം കടന്നുപോകുമ്പോള്‍ എക്‌സ്പീരിയന്‍സിലൂടെ ആര്‍ജിക്കുന്നതാവാം. എഴുതിയെഴുതി തഴക്കം വരുന്നത് പോലെ. ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് മനസിലാകും ചെയ്യുന്നതില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്ന്.
ഒരു കഥ പറയുമ്പോള്‍ ആ കഥാപാത്രത്തിന്റെ രൂപം എന്റെ ഉള്ളില്‍ തെളിഞ്ഞുവരാറുണ്ട്. അത് എങ്ങനെയാണെന്ന് അറിയില്ല. അതിനെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്.
പ്രേതം എന്ന സിനിമയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. അതില്‍ മൊട്ടയടിച്ചിരുന്നു. സംവിധായകനോ കുടുംബമോ ഒന്നും മൊട്ടയടിക്കാന്‍ സമ്മതിച്ചിരുന്നില്ല. പക്ഷേ, എനിക്ക് അങ്ങനെ അല്ലാതെ അയാളെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അയാള്‍ എന്റെ മനസ്സില്‍ തെളിഞ്ഞ രൂപമാണ്,’ ജയസൂര്യ പറയുന്നു.
ഷാജി പാപ്പനാണെങ്കിലും അങ്കൂര്‍ റാവുത്തറാണെങ്കിലും മേരിക്കുട്ടി ആണെങ്കിലുമെല്ലാം തന്നെ, കഥാപാത്രത്തിന്റെ രൂപം മനസ്സില്‍ തെളിഞ്ഞിരുന്നെന്നും തനിക്ക് തോന്നിയ അത്തരം സജഷന്‍സ് സംവിധായകരോട് പറയാറുണ്ടെന്നും താരം പറയുന്നു.
അതിനുശേഷം സംവിധായകരോട് സംസാരിക്കുമ്പോള്‍ കഥാപാത്രത്തെക്കുറിച്ച് ഐഡിയ കിട്ടുമെന്നും പിന്നീട് ആ കഥാപാത്രത്തിലൂടെ സഞ്ചരിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.