| Monday, 15th November 2021, 12:26 pm

ആര്‍ക്കും വന്ന് ആക്ടര്‍ ആകാന്‍ പറ്റില്ല, അഭിനയം അത്ര സിംപിളല്ല; ജയസൂര്യ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെത്തി വളരെ ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക പിന്തുണ നേടിയെടുത്ത താരമാണ് ജയസൂര്യ. ഏത് തരത്തിലുള്ള വേഷവും തനിക്ക് ചേരുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

സിനിമയില്‍ സൈഡ് റോളുകള്‍ ചെയ്തുകൊണ്ടാണ് ജയസൂര്യ തന്റെ അഭിനയ ജീവിതമാരംഭിക്കുന്നത്. കഥാപാത്രങ്ങളെ കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഏതറ്റം വരെയും പോവാന്‍ തയ്യാറുള്ള നടനും കൂടെയാണ് ജയസൂര്യ.

പുതുതായി സിനിമയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവരെ കുറിച്ചും സാമ്പത്തികമായി മെച്ചപ്പെടാനായി മാത്രം സിനിമ ആഗ്രഹിക്കുന്നവരെ കുറിച്ചും സംസാരിക്കുകയാണ് ജയസൂര്യ ഇപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

സൗന്ദര്യമുണ്ടെന്ന് കരുതി സിനിമയിലേക്ക് വരുന്ന ഒരുപാട് പേരുണ്ട്. അവരെങ്ങനെ വിജയിക്കുമെന്ന് അറിയില്ലെന്നും സിനിമയില്‍ സൗന്ദര്യമല്ല ടാലന്റിനാണ് പ്രാധാന്യമെന്നും ജയസൂര്യ പറയുന്നു. ‘സിനിമാ നടനായാല്‍ സാമ്പത്തികം രക്ഷപ്പെടുമെന്ന് കരുതുന്നവരുണ്ട്. അങ്ങനെ ചാന്‍സ് ചോദിക്കുന്നവരുമുണ്ട്. എന്നാല്‍ അതിന് പറ്റുന്ന സ്ഥലമല്ലയിത്. ഓരോ ജോലിക്കും ഒരു എലിജിബിലിറ്റി ഇല്ലേ? ബാങ്കിലെ ജോലിക്ക്, ഡോക്ടറാവാന്‍. അതുപോലെ ആര്‍ക്കും പോയി ആക്ടറും ആവാന്‍ പറ്റില്ല. അഭിനയം അത്ര സിംപിളല്ല,’ താരം പറയുന്നു.

സിനിമകള്‍ വിജയിക്കുന്നതിന് പിന്നിലെ ഫോര്‍മുല സൗഹൃദമാണോ എന്ന ചോദ്യത്തിന് സൗഹൃദങ്ങളിലൂടെയേ സിനിമ സംഭവിക്കൂ എന്നായിരുന്നു താരത്തിന്റെ മറുപടി. ‘ യുനീക്കായ തോട്ടുകള്‍ സംവിധായകനോ എഴുത്തുകാരനോ കൊണ്ടുവരികയും നടന്‍ യോജിക്കുന്നയാളാവുകയും ചെയ്യുമ്പോഴാണ് നല്ല സിനിമകള്‍ സംഭവിക്കുക. ഈ തോട്ട് വര്‍ക്കൗട്ട് ആവാതിരിക്കുകയും ഈ കോമ്പിനേഷനില്‍ വിശ്വാസം കുറയുകയും ചെയ്യുമ്പോള്‍ ആ കോമ്പിനേഷന്‍ സിനിമകള്‍ കുറയാറുണ്ട്. പക്ഷെ സൗഹൃദം അപ്പോഴുമുണ്ടാകും. കൂട്ടുകെട്ടില്‍ സിനിമകള്‍ ചെയ്യാന്‍ അവസരം വരികയെന്നത് ഭാഗ്യമാണ്. ഒരുപടത്തിന് എത്രദിവസം അവരുടെ കൂടെ ഒന്നിച്ചുണ്ടാകണം. അത്രയ്ക്ക് മാനസിക ഐക്യം ഉണ്ടായാലെ തുടര്‍ന്നും സിനിമകള്‍ സംഭവിക്കൂ,’ ജയസൂര്യ പറയുന്നു.

കഥ പറയുമ്പോള്‍ കഥാപാത്രം നല്ലതായതുകൊണ്ട് കാര്യമില്ലെന്നും കഥയും കഥാപാത്രവും നല്ലതാണെങ്കിലെ സിനിമ ചെയ്യാറുള്ളുവെന്നും ജയസൂര്യ പറഞ്ഞു.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ, പ്രജേഷ് സെന്നിന്റെ ആവാസ് സുനോ, അഭിജിത്ത് ജോസഫിന്റെ ജോണ്‍ ലൂഥര്‍ എന്നിങ്ങനെയാണ് ജയസൂര്യയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more