| Monday, 25th April 2022, 11:17 am

മഞ്ജു നായികയായ ആ സിനിമയില്‍ ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ വേഷം കിട്ടാന്‍ വേണ്ടി ഞാന്‍ നടന്നിരുന്നു; ദൂരെനിന്ന് മഞ്ജുവിനെ കാണാനുള്ള ഭാഗ്യമുണ്ടായി: ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യരുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും മഞ്ജു വാര്യര്‍ എന്ന നടിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും തുറന്നുപറഞ്ഞ് ജയസൂര്യ. ജയസൂര്യയും മഞ്ജുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം മേരി ആവാസ് സുനോയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ച് സംസാരിക്കുകയായിരുന്നു താരം.

”വര്‍ഷങ്ങള്‍ക്ക് മുമ്പ്, പത്രം എന്ന സിനിമയില്‍ നായികയായി വന്നത് മഞ്ജു വാര്യര്‍ ആയിരുന്നു. അതിലൊരു വേഷമെങ്കിലും കിട്ടാന്‍, ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ വേഷം കിട്ടാന്‍ വേണ്ടി ഞാന്‍ പല ദിവസങ്ങളും നടന്നപ്പോള്‍, അതില്‍ ഒരു ദിവസം ദൂരെനിന്ന് മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.

പിന്നീട് എനിക്ക് പത്രം എന്ന ആ സിനിമയില്‍, ഹനീഫ്ക്ക സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതുപോലെ പത്രക്കാര്‍ ഇരിക്കുന്നതിന്റെ കൂട്ടത്തില്‍ ആദ്യത്തെയോ രണ്ടാമത്തെയോ നിരയില്‍ ഇരിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടി.

ആ പത്രം എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്ന ഞാന്‍ ഇന്ന് മഞ്ജു വാര്യര്‍ എന്ന് പറയുന്ന ബ്രില്ല്യന്റായ നടിയുടെ കൂടെ അഭിനയിച്ചു എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്‌നതുല്യമായ കാര്യം തന്നെയാണ്.

അന്നുമുതലേ ഞാന്‍ ഒരുപാട് ആരാധിക്കുന്ന നായികയാണ്. കാരണം സിനിമയെ സ്‌നേഹിക്കാന്‍, നമ്മള്‍ പോലും അറിയാതെ ചില വ്യക്തിത്വങ്ങള്‍ നമ്മളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യാറുണ്ട്.

മമ്മൂക്കയാണെങ്കിലും ലാലേട്ടനാണെങ്കിലും. അങ്ങനെ സിനിമയെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ച വ്യക്തിത്വങ്ങളിലൊരാളാണ് മഞ്ജു. അതുകൊണ്ട് തന്നെ അവരുമായി എനിക്ക് അഭിനയിക്കാന്‍ പറ്റുക, എന്ന് പറയുന്നത് വലിയ കാര്യമാണ്.

ഇത്രയും സീനിയറാണ്, പക്ഷെ നമ്മുടെ ഒരു ക്ലോസ് ഫ്രണ്ടിനോട് സംസാരിക്കുന്നത് പോലെ എന്ത് തമാശയും പറയാന്‍ പറ്റുന്നയാളാണ്. മഞ്ജുവിനെ ചിരിച്ച മുഖത്തോട് കൂടിയല്ലാതെ ഞാന്‍ കണ്ടിട്ടില്ല.

ഒരു സീനിയോരിറ്റി കാര്യങ്ങളൊന്നുമില്ലാതെ എന്നും ഒരു സ്റ്റുഡന്റ് ആയി ഇരിക്കുന്നത് കൊണ്ട് തന്നെയാണ് മഞ്ജു ഇന്നത്തെ സൂപ്പര്‍സ്റ്റാറായിട്ട് നില്‍ക്കുന്നത്, എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇനിയും ഒരുപാട് സിനിമകള്‍ മഞ്ജുവിന്റെയും ശിവദയുടെയും പ്രജേഷിന്റെയും കൂടെ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടാവട്ടെ,” ജയസൂര്യ പറഞ്ഞു.

സുരേഷ് ഗോപി, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത സിനിമയായിരുന്നു പത്രം. 1999ല്‍ റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ഹിറ്റുകളിലൊന്നുമായിരുന്നു.

പ്രജേഷ് സെന്‍ ആണ് മേരി ആവാസ് സുനോ സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍, ജയസൂര്യ, ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിക്കുന്ന സിനിമ കൂടിയാണ് മേരി ആവാസ് സുനോ.

Content Highlight: Jayasurya about Manju Warrier at  Meri Awaz Suno trailer launch

We use cookies to give you the best possible experience. Learn more