ജയസൂര്യയുടെ കരിയറിന്റെ തുടക്കത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഷാഫി സംവിധാനം ചെയ്ത “പുലിവാല്‍ കല്ല്യാണം”. ഈ ചിത്രത്തില്‍ തനിക്കൊരു വലിയ തെറ്റുസംഭവിച്ചു എന്നു വെളിപ്പെടുത്തിരിക്കുകയാണ് ജയസൂര്യ. മനോരമയിലെ മീ മൈസെല്‍ഫ് എന്ന പരിപാടിയിലാണ് ജയസൂര്യ ഇക്കാര്യം പറയുന്നത്.
പുലിവാല്‍ കല്ല്യാണത്തില്‍ ജഗതിയുമായുള്ള കോമ്പിനേഷന്‍ സീനിലാണ് തനിക്ക് അബദ്ധം സംഭവിച്ചതെന്നാണ് ജയസൂര്യ പറയുന്നത്. ആ സീനില്‍ കഥാപാത്രമായി മാറുന്നതില്‍ താന്‍ പരാജയപ്പെട്ടെന്ന് പിന്നീട് ചിത്രം കണ്ടപ്പോള്‍ തോന്നിയതെന്നും അദ്ദേഹം പറയുന്നു.
Also Read:പതിനായിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുര്‍ഭരണം; കേന്ദ്രത്തിനെതിരെ ശിവസേന
“സിനിമയുടെ ഡബ്ബിങ് കഴിഞ്ഞുവന്നപ്പോള്‍ സിദ്ദിഖ് ലാലിലെ ലാലേട്ടന്‍ എന്നോടു വന്നു ചോദിച്ചു, മുമ്പില്‍ നില്‍ക്കുന്നവന് ഭയങ്കര ബഹുമാനം കൊടുക്കുകയാണല്ലോ എന്നു ചോദിച്ചു. ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്. ആ സീന്‍ കാണുമ്പോഴേക്കും ഞാന്‍ ചെയ്യുന്നത് ശരിയല്ലല്ലോ എന്നെനിക്ക് അറിയാം. എന്താ കാരണം എന്നറിയില്ല. ജഗതി ചേട്ടന്‍ എന്റെ മുമ്പില്‍ പെര്‍ഫോം ചെയ്യുകയാണ്. ഞാന്‍ സ്‌ക്രീനിലും അദ്ദേഹത്തിന് ബഹുമാനം കൊടുത്തോണ്ടിരിക്കുകയാണ്. അതൊരിക്കലും ഒരു ആക്ടര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്.” ജയസൂര്യ പറയുന്നു.
സിനിമയില്‍ കഥാപാത്രത്തിന് ഏത് സ്ഥാനമാണ് നമ്മള്‍ കൊടുത്തിട്ടുള്ളത് ആ സ്ഥാനമേ ക്യാമറയ്ക്കു മുമ്പിലും കൊടുക്കാന്‍ പാടുള്ളൂ. അല്ലാതെ കഥാപാത്രമാകുന്ന വ്യക്തിക്കു കൊടുക്കുന്ന ബഹുമാനം ക്യാമറയ്ക്ക് മുമ്പിലും കൊടുക്കാന്‍ പാടില്ല. അങ്ങനെ കൊടുക്കുകയാണെങ്കില്‍ ആ ആക്ടര്‍ കഥാപാത്രമായിട്ടില്ല എന്നതാണ് അതിനര്‍ത്ഥമെന്നും ജയസൂര്യ വിശദീകരിക്കുന്നു.
“പുലിവാല്‍ കല്ല്യാണത്തെക്കുറിച്ച് ഇപ്പോള്‍ അനലൈസ് ചെയ്യുമ്പോള്‍ ഞാന്‍ കഥാപാത്രമായിട്ടില്ല എന്ന തെറ്റ് ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഞാന്‍ ജഗതിയെ സ്‌ക്രീനില്‍ ബഹുമാനിച്ചത്. ” അദ്ദേഹം പറയുന്നു.
Must Read:ഈ വാക്കുകള്‍ കൊണ്ടും ഓംപുരി ഓര്‍മ്മിക്കപ്പെടും
പുലിവാല്‍ കല്ല്യാണം ഒരിക്കലും നായകന്റെ സിനിമയല്ല എന്നാണ് തനിക്കിപ്പോള്‍ തോന്നുന്നത്. സലിംകുമാറിന്റെ സിനിമയാണത്. ആ സിനിമയില്‍ നായകന്‍ എന്നു പറയുന്ന സ്ഥാനം കിട്ടിയതു തന്നെ വലിയ കാര്യമായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ ജീവിതത്തിനിടയില്‍ ടേണിങ് പോയിന്റായിട്ട് തോന്നിയത് കങ്കാരു എന്ന ചിത്രമാണെന്നും ജയസൂര്യ പറയുന്നു. ക്യാരക്ടര്‍ ഷിഫ്റ്റ് നടന്നിട്ടുള്ളത് ആ ചിത്രത്തിലാണ്. ക്ലാസ്‌മേറ്റിലെ സതീശന്‍ കഞ്ഞിക്കുഴിയുടെ റോളാണ് ടേണിങ് പോയിന്റെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ വ്യക്തിപരമായി തനിക്കു തോന്നിയത് കങ്കാരുവിലെ കഥാപാത്രമാണെന്നും ജയസൂര്യ വ്യക്തമാക്കി.
“ഓരോ സിനിമകളും ഓരോ ടേണിങ് പോയിന്റാവണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഓരോ സിനിമ കഴിയുമ്പോഴും ജയന്റെ ഏറ്റവും നല്ല പെര്‍ഫോമെന്‍സാണിതെന്ന് ആളുകള്‍ പറയാറുണ്ട്. ഓരോ ചിത്രം കഴിയുമ്പോഴും അങ്ങനെ പറയിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ” ജയസൂര്യ പറയുന്നു.