കോഴിക്കോട്: ഒന്നാം ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വരെയുള്ള മന്ത്രിസഭകളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവര്‍ പട്ടികജാതി ക്ഷേമ വകുപ്പല്ലാത്ത വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടില്ലെന്ന് അഡ്വ. എ. ജയശങ്കര്‍. മാതൃഭൂമിയുടെ ക അന്താരാഷ്ട്ര സാഹിത്യോത്സവത്തിലായിരുന്നു എ. ജയശങ്കറിന്റെ പരാമര്‍ശം.
ഐക്യകേരളത്തിലെ ആദ്യ ഗവണ്‍മെന്റായ ഒന്നാം ഇ.എം.എസ്. സര്‍ക്കാറില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്ത പി.കെ. ചാത്തന്‍ മാസ്റ്റര്‍ മുതല്‍ ഏറ്റവുമൊടുവില്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിലെ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരെ വിസ്മരിച്ചുകൊണ്ടാണ് അഡ്വ. ജയശങ്കര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
‘ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ 57ലെ മന്ത്രിസഭ മുതല്‍ 2025ല്‍ എത്തിനില്‍ക്കുന്ന പിണറായി വിജയന്റെ മന്ത്രിസഭ വരെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ പട്ടികജാതി വകുപ്പ് മാത്രമേ കൊടുത്തിട്ടൂള്ളൂ. ചാത്തന്‍ മാസ്റ്റര്‍ മുതല്‍ കേളുവരെയുള്ള ആളുകള്‍ക്ക് എന്ത് കൊണ്ട് ആരോഗ്യവകുപ്പോ വ്യവസായ വകുപ്പോ വിദ്യാഭ്യാസ വകുപ്പോ വേറെന്തെങ്കിലും വകുപ്പോ കൊടുക്കുന്നില്ല’ എന്നായിരുന്നു എ. ജയശങ്കറിന്റെ ചോദ്യം
മാതൃഭൂമിയുടെ ക ഫെസ്റ്റില്‍ സംസാരിക്കുന്ന അഡ്വ. എ. ജയശങ്കര്‍
സുരേഷ് ഗോപിയുടെ ഉന്നത കുലജാതര്‍ പരാമര്‍ശത്തെ ന്യായീകരിക്കുന്നതിന് വേണ്ടിയാണ് ജയശങ്കര്‍ ഈ അവാസ്തവം പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞ വിഷയത്തില്‍ പ്രശ്‌നമില്ലെന്നും സുരേഷ് ഗോപിക്ക് നല്ല രീതിയില്‍ ഭാഷ ഉപയോഗിക്കാന്‍ അറിയാത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായത് എന്നുമാണ് ജയശങ്കര്‍ പറഞ്ഞത്. വസ്തുത അറിയാതെ ജയശങ്കറിന്റെ കള്ളങ്ങള്‍ക്ക് കൈയടിക്കുന്നവരും പരിപാടിയിലുണ്ടായിരുന്നു.
അഡ്വ. എ. ജയശങ്കര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് കേരളത്തിന്റെ ഇതുവരെയുള്ള മന്ത്രിസഭകളുടെ ചരിത്രം. കേരളത്തിലെ ഏതാണ്ടെല്ലാ മന്ത്രിസഭകളിലും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. മാത്രവുമല്ല അവര്‍ ജയശങ്കര്‍ പറഞ്ഞതിന് വിപരീതമായി പട്ടികജാതി ക്ഷേമവകുപ്പല്ലാത്ത വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്.
എം.കെ. കൃഷ്ണന്‍ / പി.കെ. ചാത്തന്‍ മാസ്റ്റര്‍ / വെള്ള ഈച്ചരന്‍
ഐക്യ കേരളത്തിലെ ആദ്യ ഗവണ്‍മെന്റായ ഒന്നാം ഇ.എം.എസ്. മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് കൈകാര്യം ചെയ്തത് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള പി.കെ. ചാത്തന്‍ മാസ്റ്ററായിരുന്നു. പട്ടികജാതി ക്ഷേമവകുപ്പും ഈ മന്ത്രി സഭയില്‍ പി.കെ. ചാത്തന്‍ മാസ്റ്ററായിരുന്നു കൈകാര്യം ചെയ്തത്.
1960 മുതല്‍ 62 വരെ പട്ടം താണുപിള്ള മന്ത്രിസഭയിലെ രജിസ്‌ട്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്ത കെ. കുഞ്ഞമ്പുവും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്നു. എ.ഐ.സി.സി അംഗം കൂടായായിരുന്ന കുഞ്ഞമ്പു പൊന്നാനി, തൃത്താല, ഞാറക്കല്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നായി മൂന്ന് തവണ കേരള നിയമസഭയിലെത്തി.
1967 മുതല്‍ 69 വരെയുള്ള രണ്ടാം ഇ.എം.എസ്. മന്ത്രി സഭയില്‍ വനം വകുപ്പ് കൈകാര്യം ചെയ്തിരുന്നതും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയായിരുന്നു. വിവിധ മണ്ഡലങ്ങളില്‍ നിന്നായി മൂന്ന് തവണ കേരള നിയമസഭയിലെത്തിയ എം.കെ. കൃഷ്ണനായിരുന്നു ഈ മന്ത്രി സഭയിലെ വനം വകുപ്പ് മന്ത്രി. സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും കൊച്ചിന്‍ പുലയ സഭയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു എം.കെ. കൃഷ്ണന്‍ 1980ലെ മന്ത്രി സഭയിലും അംഗമായിരുന്നു.
1970ലെ സി. അച്യുത മേനോന്‍ മന്ത്രിസഭയിലും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവായ വെള്ള ഈച്ചരന്‍ ഈ മന്ത്രിസഭയില്‍ അംഗമായിരുന്നു. 1970 മുതല്‍ 77 വരെ അദ്ദേഹം ജലസേചനം, ദേവസ്വം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
കെ. കുഞ്ഞമ്പു / ഒ. കോരന്‍ / കെ.കെ. ബാലകൃഷ്ണന്‍
1969 മുതല്‍ 70 വരെയുള്ള ഒന്നാം അച്യുതമേനോന്‍ ഗവണ്‍മെന്റിലും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാള്‍ പട്ടികജാതി ക്ഷേമ വകുപ്പല്ലാത്ത വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന ഒ. കോരനായിരുന്നു ഈ മന്ത്രിസഭയില്‍ ജലസേചനവും കൃഷിയും വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്.
മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലുള്‍പ്പടെ അംഗമായിരുന്ന അദ്ദേഹം രണ്ടാം കേരള നിയമസഭയില്‍ നീലേശ്വരത്ത് നിന്നും മൂന്നാം കേരള നിയമസഭയില്‍ കുഴല്‍മന്ദത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ മന്ത്രിസഭയില്‍ തന്നെയാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നു തന്നെയുള്ള പി.കെ. രാഘവനെന്ന സി.പി.ഐ നേതാവ് ഭവന നിര്‍മാണ വകുപ്പ് കൈകാര്യം ചെയ്തത്.
കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ. ബാലകൃഷ്ണനാണ് ഈ തരത്തില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും പട്ടികജാതി ക്ഷേമവകുപ്പല്ലാത്ത വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള മറ്റൊരു മന്ത്രി. വിവിധ മന്ത്രിസഭകളിലായി നാല് തവണ അദ്ദേഹം വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 77ലെ കരുണാകര്‍, ആന്റണി മന്ത്രിസഭകളില്‍ ഏതാനും മാസങ്ങള്‍ ദേവസ്വം, ഇറിഗേഷന്‍, പട്ടികജാതി ക്ഷേമം വകുപ്പുകള്‍ കെ.കെ. ബാലകൃഷ്ണന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
1982ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായും കെ.കെ. ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1954 കൊച്ചി-തിരുവിതാകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ഭാഗമായിരുന്ന കെ.കെ. ബാലകൃഷ്ണന്‍ പിന്നീട് ഐക്യ കേരളത്തിന്റെ രൂപീരണത്തിന് ശേഷം 1996 വരെ ചാലക്കുടി, ചേലക്കര, തൃത്താല മണ്ഡലങ്ങളില്‍ നിന്ന് നിരവധി തവണ കേരള നിയമസഭയിലെത്തി.
എ.കെ. ബാലന്‍ / എ.പി. അനില്‍കുമാര്‍ / കെ. രാധാകൃഷ്ണന്‍
സി.പി.ഐ.എം നേതാവായ എ.കെ. ബാലനും അഡ്വ. എ. ജയശങ്കറിന്റെ കള്ളങ്ങള്‍ക്കുള്ള മികച്ച മറുപടിയാണ്. 2006-2011 കാലത്തെ വി.എസ്. സര്‍ക്കാറിലെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന എ.കെ. ബാലന്‍ 2016-2021 കാലത്തെ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറില്‍ സാംസ്‌കാരികം, നിയമം, പാര്‍ലമെന്ററി വകുപ്പുകള്‍ കൈകാര്യം ചെയ്തു.
കോണ്‍ഗ്രസ് നേതാവും വര്‍ഷങ്ങളായി വണ്ടൂര്‍ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന എ.പി. അനില്‍കുമാറും എ.ജയശങ്കറിന്റെ കള്ളങ്ങളെ പൊളിക്കുന്ന മികച്ച ഉദാഹരണമാണ്. 2004ലെ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റില്‍ യുവജനക്ഷേമ വകുപ്പും 2011-16 ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം വകുപ്പും കൈകാര്യം ചെയ്തത് അനില്‍കുമാറാണ്.
ഏറ്റവുമൊടുവില്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറില്‍ ഈ അടുത്ത കാലം വരെ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തത് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള കെ. രാധാകൃഷണനായിരുന്നു എന്നതും അഡ്വ. എ. ജയശങ്കറിന്റെ കള്ളങ്ങള്‍ക്കുള്ള മറുപടിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.
ചരിത്രത്തില്‍ ഇത്രയധികം പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പട്ടികജാതി ക്ഷേമ വകുപ്പല്ലാത്ത വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്നിരിക്കെയാണ് അഡ്വ. എ. ജയശങ്കര്‍ ഒരു പൊതുപരിപാടിയില്‍ വെച്ച് ഇതുപോലൊരു കള്ളം പറഞ്ഞിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക അപര്‍ണ സെന്നായിരുന്നു ഈ പരിപാടിയുടെ മോഡറേറ്റര്‍. നടന്‍ ജോയ് മാത്യു ഈ പരിപാടിയില്‍ മറ്റൊരു അതിഥിയുമായിരുന്നു. ജയശങ്കറിന്റെ ഈ കള്ളത്തിന് കൈയടിക്കുന്നവരും ചര്‍ച്ചയിലുണ്ടായിരുന്നു.
content highlights: Jayashankar said that Scheduled Caste Ministers have not managed other departments; Facts that prove Jayashankar’s claim to be false