തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച നടപടിയില്‍ മെത്രാന്‍ സമിതിയേക്കാള്‍ കടുപ്പത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമെന്നും സത്യവിശ്വാസികള്‍ ദു:ഖ വെള്ളിയാഴ്ച മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ മാത്രം നാട്ടിയ ഒരു ചെറുകുരിശ് എന്തിനു നീക്കം ചെയ്തു എന്നും റവന്യൂ ഭൂമിയിലെന്ന് ആക്ഷേപമുണ്ടെങ്കില്‍ പറഞ്ഞാല്‍ പോരായിരുന്നോ, അവര്‍ തന്നെ പറിച്ചുകൊണ്ടു പോകുമായിരുന്നില്ലേയെന്നുമുള്ള മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ എന്തൊരു വിനയവും പ്രതിപക്ഷ ബഹുമാനവുമാണ് ഉള്ളതെന്നും ജയശങ്കര്‍ ചോദിക്കുന്നു.
ഇത്രയ്ക്ക് ഹൃദയവിശാലതയുള്ള ഈ പാവത്തിനെയാണോ ഡബിള്‍ചങ്കന്‍ എന്നൊക്കെ വിളിക്കുന്നതെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.
പള്ളിക്കാരേക്കാള്‍ ഒട്ടും മോശക്കാരല്ല പാര്‍ട്ടിക്കാര്‍. ഒരുപാട് ഭൂമി അവരും കയ്യേറിയിട്ടുണ്ട്. കുരിശിനു പകരം ചെങ്കൊടി, അത്രയേ ഉള്ളൂ വ്യത്യാസം.
പത്തു കൊല്ലം മുമ്പു മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ദൗത്യസംഘത്തെ അയച്ചപ്പോഴാണ് മണിയാശാന്‍ വി.എസ് ഗ്രൂപ്പു വിട്ടു പിണറായിയെ ശരണം പ്രാപിച്ചത്. വിപ്ലവം വേറെ, കയ്യേറ്റം വേറെയെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നസ്രായനായ യേശു പല അത്ഭുതപ്രവൃത്തികളും ചെയ്തതായി മത്തായിയും മര്‍ക്കോസും ലൂക്കായും യോഹന്നാനും രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളം വീഞ്ഞാക്കി, കുഷ്ഠരോഗിയെ സുഖപ്പെടുത്തി, മരിച്ച ലാസറെ ഉയിര്‍പ്പിച്ചു. പക്ഷേ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു സ്ഥാപിച്ചതായി സുവിശേഷത്തില്‍ എങ്ങും കാണുന്നില്ല.
Dont Miss ജയസൂര്യയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
പൗലോസ് അപ്പോസ്തലന്‍ റോമര്‍ക്കും കൊറിന്ത്യര്‍ക്കും ഗലാത്യര്‍ക്കും എഴുതിയ ലേഖനങ്ങളിലും റവന്യൂ ഭൂമിയിലെ കുരിശുകൃഷിയെ കുറിച്ച് പറഞ്ഞിട്ടില്ല.
കര്‍ത്താവോ പൗലോസോ പറയാത്തതിനാല്‍ കയ്യേറ്റം പാപമെന്നു കരുതുന്നവരല്ല കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍. കുരിശു നാട്ടുക, വളച്ചു കെട്ടുക, പളളിയും പളളിക്കൂടവും പണിത് പട്ടയം വാങ്ങുക ഇതാണ് സാധാരണ നടപടിക്രമം.
കുരിശ് ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും മാത്രമല്ല കയ്യേറ്റത്തിന്റെയും ആക്രാന്തത്തിന്റെയും കൂടി പ്രതീകമാണ് പശ്ചിമ ഘട്ടത്തില്‍.
പാപ്പാത്തിച്ചോലയില്‍ 200 ഏക്കര്‍ കയ്യേറാന്‍ 25 അടി ഉയരമുളള കുരിശു നാട്ടിയത് തൃശൂര്‍ കുരിയച്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ വ്യഭിചാര പ്രസ്ഥാനമാണ്. കുരിശിന്റെ ഉയരത്തിനൊത്ത് കയ്യേറ്റഭൂമിയുടെ വിസ്തൃതിയും കൂടും.
പാപ്പാത്തിച്ചോലയിലെ കുരിശുകൃഷിക്ക് കത്തോലിക്കാ സഭയുമായി ബന്ധമൊന്നുമില്ല. എങ്കിലും മെത്രാന്‍ സമിതി രൂക്ഷമായി പ്രതികരിച്ചു. കുരിശുപൊളിച്ചതിനെ ബാബറി മസ്ജിദിനോട് ഉപമിച്ചു. ഇന്ന് നീ, നാളെ ഞാന്‍ എന്ന ഭീതി തന്നെ കാരണം.
മെത്രാന്‍ സമിതിയേക്കാള്‍ കടുപ്പത്തിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. സത്യവിശ്വാസികള്‍ ദു:ഖ വെള്ളിയാഴ്ച മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ മാത്രം നാട്ടിയ ഒരു ചെറുകുരിശ് എന്തിനു നീക്കം ചെയ്തു? റവന്യൂ ഭൂമിയിലെന്ന് ആക്ഷേപമുണ്ടെങ്കില്‍ പറഞ്ഞാല്‍ പോരായിരുന്നോ, അവര്‍ തന്നെ പറിച്ചുകൊണ്ടു പോകുമായിരുന്നില്ലേ?
ഹാവൂ, എന്തൊരു വിനയം, എന്തു പ്രതിപക്ഷ ബഹുമാനം, ഹൃദയലാവണ്യം! ഈ പാവത്തിനെയാണോ ഡബിള്‍ ചങ്കന്‍ എന്നൊക്കെ വിളിക്കുന്നത്?
പള്ളിക്കാരേക്കാള്‍ ഒട്ടും മോശക്കാരല്ല പാര്‍ട്ടിക്കാര്‍. ഒരുപാട് ഭൂമി അവരും കയ്യേറിയിട്ടുണ്ട്. കുരിശിനു പകരം ചെങ്കൊടി, അത്രയേ ഉള്ളൂ വ്യത്യാസം.
പത്തു കൊല്ലം മുമ്പു മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ദൗത്യസംഘത്തെ അയച്ചപ്പോഴാണ് മണിയാശാന്‍ വി.എസ് ഗ്രൂപ്പു വിട്ടു പിണറായിയെ ശരണം പ്രാപിച്ചത്. വിപ്ലവം വേറെ, കയ്യേറ്റം വേറെ.
പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍
പാത കാണിക്കും കുരിശേ ജയിക്കുക!