| Monday, 8th July 2024, 9:48 am

സി.പി.ഐ.എമ്മുകാർ തെറ്റ് ചെയ്താൽ മാത്രമേ ശബ്‌ദിക്കൂ എന്ന മാധ്യമ നിലപാട് തെറ്റ്; കെ.എസ്.ഇ.ബി വിഷയത്തിൽ സർക്കാരിനൊപ്പം: ജയശങ്കർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ സർക്കാറിനെ അനുകൂലിച്ച് രാഷ്ട്രീയ നിരീക്ഷകൻ ജയശങ്കർ.

വൈദ്യതി ബിൽ അടച്ചില്ലെങ്കിൽ ഫീസ് ഊരുമെന്നും അങ്ങനെ ഉണ്ടായാൽ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിക്കുകയല്ല വേണ്ടതെന്നും അത് ശരിയായ രീതിയല്ലെന്നും ജയശങ്കർ പറഞ്ഞു. ഇന്നലെ രാത്രി ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് ഹവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്.

വൈദുതി ബന്ധം വിച്ഛേദിക്കാൻ ഉത്തരവിട്ട മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ താൻ അഭിനന്ദിക്കുകയാണെന്നും പ്രതികളെ സപ്പോർട്ട് ചെയ്യുകയല്ല വേണ്ടതെന്നും ജയശങ്കർ പറഞ്ഞു.

ഓഫീസിലെ ഉദ്യോഗസ്ഥർ എന്ത് തെറ്റാണു ചെയ്തതെന്നും അതിനെ എങ്ങനെ ന്യായീകരിക്കും എന്നും ജയശങ്കർ ചോദിച്ചു. ഇതിൽ കുറെ കഴിഞ്ഞാൽ ഒരു കേസും ഉണ്ടാവില്ലെന്നും ഇന്ത്യൻ പീനൽ കോഡിൽ ഒരു വ്യവസ്ഥയും അനുസരിച്ച് ഇവരെ ശിക്ഷിക്കുകയുമില്ലെന്ന് പ്രതികൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

‘മനുഷ്യാവകാശം ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർക്കും ഉണ്ട്. സി.പി.ഐ.എമ്മുകാരും സി.പി.ഐ ക്കാരും തെറ്റ് ചെയ്താൽ മാത്രമേ ശബ്‌ദിക്കൂ എന്ന മാധ്യമങ്ങളുടെ നിലപാട് തെറ്റാണ്. പ്രതിയെ ന്യായീകരിക്കുന്ന ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങൾ ചെയ്യുന്ന നടപടി തീർത്തും തെറ്റാണ്. നമ്മൾ ഈ ലോകത്തല്ലേ ജീവിക്കുന്നത്.

താമരശ്ശേരിയിലെ ഫോറസ്‌റ്റ് ഓഫീസ് കത്തിച്ചു. എത്ര പേരെയാണ് ശിക്ഷിച്ചത്? എസ്.എഫ്.ഐ ക്കാർ ഗുണ്ടായിസം കാണിച്ചാലും അതിനെ നമ്മൾ എതിർക്കണം. യൂത്ത് കോൺഗ്രസ് ചെയ്താലും യുവ മോർച്ച ആയാലും തെറ്റ് തെറ്റാണ്. ഈ തെറ്റിനെ ന്യായീകരിക്കുന്ന നടപടി ആര് ചെയ്താലും പ്രശ്നമാണ്. ഏഷ്യാനെറ്റ് ചെയ്താലും, മാതൃഭൂമി ചെയ്താലും മീഡിയ വൺ ചെയ്താലും, ആര് ചെയ്താലും തെറ്റാണ്. ഇത് തീർത്തും മാധ്യമ ദുഃസ്വാതന്ത്ര്യമാണ്,’ ജയശങ്കർ പറഞ്ഞു.

തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലേക്കുള്ള വൈദുതി ബന്ധമാണ് കെ.സ്.ഇ.ബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാഖിന്റെ മക്കളായ അജ്മലും ഫഹദും കെ.സ്.ഇ.ബി ഓഫീസ് അക്രമിച്ചതിനെ തുടർന്നായിരുന്നു ഈ തീരുമാനം.

എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുകയും വൈദുതി കണക്ഷൻ വിച്ഛേദിക്കുകയും ചെയ്ത നടപടിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയരുകയായിരുന്നു. ഇതിനെ തുടർന്ന് കണക്ഷൻ പുനഃസ്ഥാപിച്ച്‌ കൊണ്ട് സർക്കാർ ഉത്തരവിറക്കി.

നിലവിലെ നിയമത്തിന് പുറത്തു നിന്ന് കൊണ്ട് കാര്യങ്ങളിൽ തീർപ്പ് കല്പിക്കുന്ന കെ.എസ്.ഇ.ബിയുടെ ഈ രീതിയെ വിമർശിച്ചു കൊണ്ട് സി.പി.ഐ.എം അനുഭാവികളും രംഗത്തെത്തിയിരുന്നു. കേസിൽ പ്രതികൾക്കെതിരെ നടപടി എടുത്തിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത നടപടിയെ അതെ സമയം ആളുകൾ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു മുൻപും കെ.സ്.ഇ.ബി ഉദ്യോഗസ്ഥരെ ആക്രമിച്ച പേരിൽ പ്രതികൾക്കെതിരെ കേസുണ്ട്.

എന്നാൽ അതിനുമപ്പുറത്തേക്ക് രക്ഷിതാവിന്റെ പേരിലുള്ള കണക്ഷൻ വിച്ഛേദിക്കുന്ന നടപടി തീർത്തും തെറ്റാണെന്നും നിയമവിധേയമായി മാത്രമേ സർക്കാർ പ്രവർത്തികാവൂ എന്നും ബുൾഡോസർ നീതി നടപ്പാക്കാൻ ഇത് ഉത്തരേന്ത്യയല്ലെന്നും പറഞ്ഞു കൊണ്ടുള്ള വ്യാപക വിമർശനങ്ങൾ സർക്കാരിനെതിരെ ഉയർന്നു കൊണ്ടിരിക്കുമ്പോഴാണ് സർക്കാരിനനുകൂലമായ പ്രസ്താവനയുമായി ജയശങ്കർ രംഗത്തു വരുന്നത്.

‘ഇലക്ട്രിസിറ്റി ഓഫീസിൽ പോയി കാണിച്ചു കൂട്ടിയത് ശുദ്ധ തെമ്മാടിത്തരമാണ്. അജ്മൽ എന്ന ചെറുപ്പക്കാരന് പണവും സ്വാധീനവും ഉണ്ട്. അയാളുടെ പേരിൽ വീട്ടിൽ പതിനൊന്നു കണക്ഷൻ ഉണ്ട്. അയാൾക്ക് അതിന്റെ ഹുങ്കാണ്. അത് കൊണ്ട് തന്നെ മന്ത്രിയുടെ നടപടിയെ ഞാൻ അഭിനന്ദിക്കുകയാണ്.

ഇങ്ങനെയൊക്കെ ചെയ്താൽ കയ്യും കെട്ടി നോക്കിയിരിക്കാൻ എല്ലാരും ഗാന്ധിയന്മാരല്ല. തിരുവമ്പാടിയിലെ കെ.എസ്.ഇ.ബി ഓഫീസർമാർ ഗാന്ധിയന്മാർ ആയതു കൊണ്ട് പ്രതികളെ ഒന്നും ചെയ്തില്ല. അത് അവരുടെ നല്ല മനസാണ്,’ ജയശങ്കർ കൂട്ടിച്ചേർത്തു.

Content Highlight: Jayasankar talk about the K.S.E.B issue in thiruvambhadi

We use cookies to give you the best possible experience. Learn more