മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. മൂന്ന് പതിറ്റാണ്ടോളമായി മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അദ്ദേഹം. പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജയറാമിന്റെ തിരിച്ച് വരവായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഓസ്ലര്‍.
മറ്റു ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ ഡയലോഗുകള്‍ പഠിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. കന്നഡ സിനിമ കാന്താരയുടെ രണ്ടാം ഭാഗത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്നും അഞ്ചും ആറും പേജുള്ള കന്നഡയും തെലുങ്കും ഡയലോഗുകള്‍ യാതൊരുവിധ പ്രോപ്റ്റിങ്ങും ഇല്ലാതെ കാണാതെ പഠിച്ചാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. അപ്പോഴെല്ലാം താന്‍ പ്രാര്‍ത്ഥിക്കുന്നത് ഗുരുനാഥന്‍ പത്മരാജനെ ആണെന്നും ജയറാം പറയുന്നു. ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ തെലുങ്ക് സിനിമകള്‍ ചെയ്യാറുണ്ട്, കന്നഡ സിനിമകള്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ കന്നഡത്തില്‍ കാന്താര 2 എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം ഞാന്‍ ചെയ്യുന്നുണ്ട്. അഞ്ച് പേജ് ആറ് പേജ് കന്നഡ ഡയലോഗ് ഒരു പ്രോംപ്റ്റിങ്ങും ഇല്ലാതെ കൃത്യമായിട്ട് കാണാപാഠം എനിക്ക് പറയാന്‍ സാധിക്കുമ്പോള്‍ മനസുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് എന്റെ ഗുരുനാഥന്‍ പത്മരാജന്‍ സാറിനെയാണ്.
ആ ഗുരുത്വം കറക്റ്റ് ആയിട്ട് എനിക്ക് വരും, ഒരു തെറ്റുപോലും ഇല്ലാതെ എനിക്ക് ഡയലോഗ് അത്രെയും പറയാന്‍ സാധിക്കും. തെലുങ്കിലും അതുപോലെതന്നെ. എന്റെ അടുത്തതായിട്ട് ഇറങ്ങാന്‍ പോകുന്ന രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചറിലും ഇതേ പോലെ ഡയലോഗ് പറയുമ്പോള്‍ ശങ്കര്‍ എന്റെ അടുത്ത് തെലുങ്ക് പ്രശ്നമാകുമോ എന്ന് ചോദിക്കും, ഞാന്‍ പറയും തെലുങ്കില്‍ തന്നെ പറയാമെന്ന്.
എനിക്ക് പഠിക്കാന്‍ കുറച്ച് സമയം മതി. പഠിച്ച് കഴിഞ്ഞ് ഡയലോഗ് പറയാന്‍ നേരം ഞാന്‍ ഒരു മിനുട്ട് മനസില്‍ എന്റെ ഗുരുവിനെ ഓര്‍ക്കും. ധൈര്യമായിട്ട് പറയടാ എന്ന് സാര്‍ ഉള്ളില്‍ നിന്ന് പറയുന്നത് പോലെ എനിക്ക് തോന്നും,’ ജയറാം പറയുന്നു.