മൂന്ന് പതിറ്റാണ്ടോളമായി മലയാളത്തിലും മറ്റ് ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ജയറാം. പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജയറാമിന്റെ തിരിച്ച് വരവായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഓസ്ലര്‍.
തന്റെ ഗുരു പദ്മരാജനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. തന്റെ അടുത്തടുത്ത കുറേ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം വിളിച്ചിട്ട് കുറേ ആയില്ലേ സിനിമകള്‍ പരാജയപ്പെടുന്നു അടുത്ത സിനിമയില്‍ തന്നെ നായകനാക്കാം എന്ന് പദ്മരാജന്‍ പറഞ്ഞെന്ന് ജയറാം പറയുന്നു. അത് പറഞ്ഞു പോയ പദ്മരാജന്‍ അന്ന് വൈകുന്നേരം മരണപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈരളിയോട് സംസാരിക്കുകയായിരുന്നു ജയറാം.
‘ഇന്നലെ എന്ന സിനിമക്ക് ശേഷം എന്റെ കുറേ സിനിമകള്‍ അടുത്തടുത്ത് പരാജയപ്പെടാന്‍ തുടങ്ങി. എനിക്ക് എന്തുണ്ടെങ്കിലും പറയാന്‍ കഴിയുന്ന അച്ഛനെ പോലെ ഉള്ള ഒരാള്‍, അല്ലെങ്കില്‍ ഗോഡ് ഫാദറിനെ പോലെ ഉള്ള ഒരാളാണ് പദ്മരാജന്‍ സാര്‍.
ആ സമയത്താണ് ‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിയേറ്ററുകള്‍ കാണാനായി അദ്ദേഹം വന്നപ്പോള്‍ എന്നോട് പറഞ്ഞു ‘രാമനിലയത്തില്‍ ഞാന്‍ ഉണ്ടാകും. നീ അങ്ങോട്ട് വരണം എനിക്ക് നിന്നെ കാണണമെന്ന്,’ കേളി എന്ന് പറയുന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയമായിരുന്നു അത്. അന്ന് വൈകുന്നേരം ഞാന്‍ അദ്ദേഹത്തെ കാണാന്‍ രാമനിലയത്തിലേക്ക് പോയി.
എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം അവിടെ കട്ടിലില്‍ കിടക്കുകയായിരുന്നു. എന്നെ അടുത്ത് വിളിച്ചു ഞാനും അദ്ദേഹത്തോടൊപ്പം കിടന്നു. ‘കുറേ പരാജയങ്ങള്‍ ആയില്ലേ, അത് സാരമില്ലടാ, പോകാന്‍ പറയടാ, അടുത്ത് നമ്മള്‍ ഒരു ഗംഭീര സിനിമ ചെയ്യുന്നുണ്ട്. അതില്‍ പ്രധാനവേഷം നിനക്കാണ്, തകര്‍ക്കാന്‍ പറ്റില്ലേ നിനക്ക്. അതില്‍ നിനക്ക് വിജയം തരാമെടാ’ എന്നദ്ദേഹം എന്നോട് പറഞ്ഞു. അതും പറഞ്ഞ് പോയ ആളാണ്. അന്ന് രാത്രിയാണ് അദ്ദേഹം മരിക്കുന്നത്,’ ജയറാം പറയുന്നു.