| Sunday, 7th January 2024, 6:38 pm

കെ.ജി.എഫ് കണ്ടിരിക്കുന്നവരിലേക്ക് അബ്രഹാം ഓസ്ലറെന്ന ഇടിപടവുമായി വന്നാല്‍... മിഥുന്‍ മാനുവല്‍ ചിത്രത്തെക്കുറിച്ച് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നിരുന്നത്. ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജയറാം.

‘എപ്പോഴും ഞാന്‍ ആളുകളോട് പറയുന്ന കാര്യമാണ്, അബ്രഹാം ഓസ്ലര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപക്ഷെ വലിയ ഒരു ആക്ഷന്‍ പടമായിട്ട് തോന്നാം. എന്നാല്‍ ഒരു കാരണവശാലും മലയാളത്തില്‍ അത്തരം സിനിമയുമായി വരാന്‍ കഴിയില്ല.

കാരണം ഇന്നത്തെ തലമുറ കാണുന്ന ആക്ഷന്‍ സിനിമകള്‍ എന്തൊക്കെ ആണെന്ന് നമുക്ക് അറിയാവുന്നതാണ്. ഹോളിവുഡിനെ തോല്‍പ്പിക്കുന്ന പടങ്ങളാണ് തെലുങ്കില്‍ ആക്ഷന്‍ പടമായി വരുന്നത്.

അതിനെ തോല്‍പ്പിക്കുന്ന സിനിമയാണ് തമിഴില്‍, പിന്നെ വലിയ കന്നട സിനിമകള്‍. കെ.ജി.എഫ് പോലെയുള്ള പടങ്ങള്‍ കണ്ടിരിക്കുന്ന തലമുറയിലേക്ക് ഞാന്‍ അബ്രഹാം ഓസ്ലര്‍ എന്നും പറഞ്ഞ് ഒരു ഇടി പടവുമായി വന്നാല്‍ വീട്ടില്‍ പോടാ എന്ന് പറയും.

ഇത് എനിക്ക് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. അതുപോലെ മിഥുന്‍ മാനുവല്‍ അഞ്ചാം പാതിര എന്ന പേരില്‍ ഒരു ത്രില്ലര്‍ സിനിമ എടുത്തു എന്നത് ശരിയാണ്. അതുപോലെ ഒരു ചിത്രം തന്റെ സംവിധാനത്തില്‍ ഇനി വരരുത് എന്ന് അവന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് അഞ്ചാം പാതിരയുമായി ഒരു ബന്ധവും ഇല്ലാത്ത പടമാകും ഇത്.

മിഥുന്‍ ഒന്നര വര്‍ഷം മുമ്പ് വന്ന് പറഞ്ഞ കഥയാണ് ഓസ്ലറിന്റേത്. മകള്‍ സിനിമ കഴിഞ്ഞതിന്റെ ശേഷമായിരുന്നു അത്. ഇത്രയും ഹെവിയായ കഥാപാത്രമായത് കൊണ്ട് മിഥുനിന് എന്റെ കാര്യത്തില്‍ കോണ്‍ഫിഡന്‍സ് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ നൂറ് ശതമാനവും ഉണ്ടെന്ന് പറഞ്ഞു. നിങ്ങള്‍ ഈ കഥാപാത്രം ചെയ്യുമെങ്കില്‍ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളൂ എന്നും പറഞ്ഞു.

ഒടുവില്‍ ഈ സിനിമക്ക് വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകളാണ് ഞാന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചു. ‘ഒന്നുമില്ല, രൂപത്തിലും നടത്തത്തിലും നോട്ടത്തിലും വരുത്തേണ്ട ചില മാറ്റങ്ങളുണ്ട്. ഇതുവരെ ഇല്ലാത്ത ഒരു ജയറാമിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാണിക്കണം’ എന്നായിരുന്നു മിഥുനിന്റെ മറുപടി. ഞാന്‍ വന്ന് ഇരുന്ന് തരാം, എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ പറഞ്ഞാല്‍ അത് പോലെ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ചെയ്ത സിനിമയാണ് ഓസ്ലര്‍,’ ജയറാം പറയുന്നു.


Content Highlight: Jayaram Talks About Ozler Movie

We use cookies to give you the best possible experience. Learn more