Film News
അബ്രഹാം ഓസ്ലര്‍; നായകനില്‍ ബെറ്റര്‍ ഓപ്ഷനിലേക്ക് പോകുന്നോയെന്ന ചോദ്യത്തിന് മിഥുനിന്റെ മറുപടിയിതായിരുന്നു: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 06, 12:19 pm
Saturday, 6th January 2024, 5:49 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട്, ആന്‍ മരിയ കലിപ്പിലാണ്, അലമാര, ആട് 2 , അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാം പാതിര എന്നിവയായിരുന്നു അദ്ദേഹത്തിന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ ഓരോന്നും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

ഇപ്പോള്‍ മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത് ജയറാം നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്.

ഇപ്പോള്‍ മിഥുന്‍ തന്റെ അടുത്ത് കഥ പറയാനെത്തിയതിനെ കുറിച്ച് പറയുകയാണ് നടന്‍ ജയറാം. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഥുന്‍ തന്റെയടുത്ത് ഒരു കഥ പറയാന്‍ വരുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും, പെട്ടെന്ന് മിഥുന്‍ കാണണമെന്ന് പറഞ്ഞപ്പോള്‍ താന്‍ ആകെ ത്രില്ലിലായെന്നും ജയറാം പറഞ്ഞു.

മിഥുന്‍ കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ താന്‍ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നുവെന്നും നായകന്റെ കാര്യത്തില്‍ കുറച്ച് കൂടെ നല്ല ഓപ്ഷനിലേക്ക് പോകണമെന്ന് തോന്നുന്നുണ്ടോയെന്ന് താന്‍ ചോദിച്ചിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘മിഥുന്‍ എന്റെ അടുത്ത് ഒരു കഥ പറയാന്‍ വരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. പെട്ടെന്ന് മിഥുന്‍ കാണണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ ത്രില്ലില്ലായി. അവന്‍ കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ അവനോട് ചോദിച്ചത്, കുറച്ച് കൂടെ ബെറ്ററായ ഒരു ഓപ്ഷനിലേക്ക് പോകണമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു.

കാരണം ആ സിനിമയില്‍ അത്രയും ഹെവിയായിട്ടുള്ള കഥാപാത്രമായിരുന്നു എനിക്ക് ചെയ്യേണ്ടത്. അതുകൊണ്ടാണ് ഞാന്‍ അവനോട് അങ്ങനെ ചോദിച്ചത്. ‘ഒരിക്കലുമില്ല, ജയറാമിന് വേണ്ടി തന്നെയായിരുന്നു ഞാന്‍ ഇത് ചെയ്തത്’ എന്ന് മിഥുന്‍ മറുപടി പറഞ്ഞു. എന്നില്‍ കോണ്‍ഫിഡന്റാണോ എന്ന് ചോദിച്ചപ്പോള്‍ കോണ്‍ഫിഡന്റാണെന്നും പറഞ്ഞു.

മിഥുനിനോട് അങ്ങനെ ചോദിക്കാന്‍ കാരണം ഞാന്‍ എല്ലാമാണെന്നും, ചെയ്യുന്നതൊക്കെ തകര്‍ക്കുമെന്നുമുള്ള വിശ്വാസം എനിക്കില്ല. പുതുതായി എന്ത് ചെയ്യാന്‍ കഴിയും, പുതിയ പിള്ളേരില്‍ നിന്ന് എന്തുപഠിക്കാന്‍ കഴിയും എന്നൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്. അല്ലാതെ ഇത്ര വര്‍ഷങ്ങളായത് കൊണ്ട് എല്ലാം തികഞ്ഞ ആളാണെന്ന് എനിക്ക് തോന്നിയിട്ടില്ല,’ ജയറാം പറഞ്ഞു.


Content Highlight: Jayaram Talks About Midhun Manuel Thomas