അബ്രഹാം ഓസ്ലറില്‍ അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ ചെയ്യാന്‍ ആര് വരുമെന്ന ചോദ്യം വന്നപ്പോള്‍ ആദ്യം സത്യരാജ്, ശരത് കുമാര്‍, പ്രകാശ് രാജ് എന്നിവരായിരുന്നു മനസില്‍ വന്നിരുന്നതെന്ന് ജയറാം.
ഇതിനിടയില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഒരു ദിവസം മമ്മൂട്ടിയെ കാണാന്‍ പോയപ്പോള്‍ ജയറാമിനെ വെച്ച് ചെയ്യുന്ന സിനിമയുടെ കഥ എന്താണെന്ന് ചോദിക്കുകയായിരുന്നെന്നും താരം പറയുന്നു.
കഥ കേട്ടപ്പോള്‍ ആ കഥാപാത്രം താന്‍ ചെയ്യട്ടെ എന്ന് മമ്മൂട്ടി മിഥുനിനോട് ചോദിച്ചുവെന്നും നിങ്ങള്‍ ഇത് ചെയ്താല്‍ വലിയ ഭാരം ആകുമെന്ന് മിഥുന്‍ മറുപടി പറയുകയായിരുന്നെന്നും ജയറാം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അബ്രഹാം ഓസ്ലറില്‍ സെക്കന്റ് ഹാഫില്‍ വരുന്ന ഈ അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ ചെയ്യാന്‍ ആര് വരുമെന്ന ചോദ്യം വന്നു. ആദ്യം സത്യരാജ്, ശരത് കുമാര്‍ എന്നിവരായിരുന്നു മനസില്‍ വന്നത്.
അതിന് ശേഷം കന്നട, തെലുങ്ക് തുടങ്ങിയ പല സ്ഥലത്ത് നിന്നും പലരെയും സമീപിച്ചു. പ്രകാശ് രാജിനെയും കൊണ്ടുവന്നാലോ എന്ന് ചിന്തിച്ചിരുന്നു. സത്യരാജിനോട് സിനിമയുടെ കഥ പോലും പറഞ്ഞു.
ഇതിനിടയില്‍ മിഥുന്‍ ഒരു ദിവസം മമ്മൂക്കയെ കാണാന്‍ ചെന്നപ്പോള്‍ എന്താണ് ജയറാമിനെ വെച്ച് ചെയ്യുന്ന സിനിമയുടെ കഥയെന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു. ഇക്ക ആണെങ്കില്‍ എല്ലാ കാര്യങ്ങളും ചോദിക്കുന്ന ആളാണ്. മിഥുനിനോട് ഓസ്ലറിന്റെ കഥ പറയാന്‍ പറഞ്ഞു.
അപ്പോള്‍ ഇന്‍ട്രെസ്റ്റിങ് ആയ എന്തെങ്കിലും ചെറിയ ഒരു കാര്യം ഉണ്ടെങ്കില്‍ പോലും ആള്‍ അതില്‍ കയറി പിടിക്കും. അങ്ങനെ കഥ കേട്ടപ്പോള്‍ ഞാന്‍ ചെയ്യട്ടെ എന്ന് മമ്മൂക്ക ചോദിച്ചു. മിഥുന്‍ പെട്ടെന്ന് അയ്യോ വേണ്ട, നിങ്ങള്‍ ഇത് ചെയ്താല്‍ വലിയ ഭാരം ആകുമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചെന്നെ ഉള്ളൂ, വേണമെങ്കില്‍ ചെയ്യാമെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു,’ ജയറാം പറയുന്നു.
Content Highlight: Jayaram Talks About Midhun Manual’s Reply To Mammootty About His Role