അബ്രഹാം ഓസ്ലര്‍; മമ്മൂക്കയുടെ അലക്‌സാണ്ടര്‍ എന്ന റോളിലേക്ക് ആദ്യം സമീപിച്ചത് ഈ തമിഴ് താരങ്ങളെ: ജയറാം
Film News
അബ്രഹാം ഓസ്ലര്‍; മമ്മൂക്കയുടെ അലക്‌സാണ്ടര്‍ എന്ന റോളിലേക്ക് ആദ്യം സമീപിച്ചത് ഈ തമിഴ് താരങ്ങളെ: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th January 2024, 8:19 am

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രം ജനുവരി പതിനൊന്നിനായിരുന്നു തിയേറ്ററില്‍ റിലീസിന് എത്തിയത്.

ചിത്രം പ്രഖ്യാപിക്കപെട്ടത് മുതല്‍ ജയറാമിനൊപ്പം നടന്‍ മമ്മൂട്ടിയും എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതുറപ്പിക്കുന്ന തരത്തില്‍ പിന്നീട് ട്രെയ്ലര്‍ വന്നപ്പോള്‍ അതില്‍ മമ്മൂട്ടിയുടെ ശബ്ദവും ഉണ്ടായിരുന്നു. പക്ഷെ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകില്ലെന്ന് തന്നെയായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവലും നായകനായ ജയറാമും പ്രതികരിച്ചത്.

എന്നാല്‍ ഇപ്പോള്‍ ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ അതില്‍ മമ്മൂട്ടി അലക്‌സാണ്ടര്‍ എന്ന കഥാപാത്രമായി എത്തിയതാണ് കണ്ടത്. പിന്നാലെ ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്റര്‍ സംവിധായകന്‍ തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ജയറാം. അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തെ ചെയ്യാന്‍ ആര് വരുമെന്ന ചോദ്യം വന്നപ്പോള്‍ തങ്ങള്‍ വേറെ താരങ്ങളെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്നാണ് താരം പറയുന്നത്.

സത്യരാജ്, ശരത് കുമാര്‍, പ്രകാശ് രാജ് എന്നിവരെ കണ്ടിരുന്നെന്നും സത്യരാജിനോട് സിനിമയുടെ കഥ പോലും പറഞ്ഞിരുന്നതായും ജയറാം കൂട്ടിച്ചേര്‍ത്തു.

‘ഇതില്‍ സെക്കന്റ് ഹാഫില്‍ വരുന്ന ഈ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തെ ചെയ്യാന്‍ ആര് വരുമെന്ന ചോദ്യം വന്നു. ആദ്യം സത്യരാജ്, ശരത് കുമാര്‍ എന്നിവരായിരുന്നു മനസില്‍ വന്നത്. അതിന് ശേഷം കന്നട, തെലുങ്ക് തുടങ്ങിയ പല സ്ഥലത്ത് നിന്നും പലരെയും സമീപിച്ചു. പ്രകാശ് രാജിനെയും കൊണ്ടുവന്നാലോ എന്ന് ചിന്തിച്ചിരുന്നു.

സത്യരാജിനോട് സിനിമയുടെ കഥ പോലും പറഞ്ഞു. അദ്ദേഹത്തിന് ആ കഥ ഇഷ്ടമാകുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് മിഥുന്‍ മമ്മൂക്കയെ കാണാന്‍ പോകുന്നത്. എന്താണ് ജയറാമിനെ വെച്ച് ചെയ്യുന്ന സിനിമയുടെ കഥയെന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു. ഇക്ക ആണെങ്കില്‍ എല്ലാ കാര്യങ്ങളും ചോദിക്കുന്ന ആളാണ്. മിഥുനിനോട് ഓസ്ലറിന്റെ കഥ പറയാന്‍ പറഞ്ഞു.

അപ്പോള്‍ ഇന്‍ട്രെസ്റ്റിങ് ആയ എന്തെങ്കിലും ചെറിയ ഒരു കാര്യം ഉണ്ടെങ്കില്‍ പോലും ആള്‍ അതില്‍ കയറി പിടിക്കും. അങ്ങനെ കഥ കേട്ടപ്പോള്‍ ഞാന്‍ ചെയ്യട്ടെ എന്ന് മമ്മൂക്ക ചോദിച്ചു. മിഥുന്‍ പെട്ടെന്ന് അയ്യോ വേണ്ട, നിങ്ങള്‍ ഇത് ചെയ്താല്‍ വലിയ ഭാരം ആകുമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചെന്നെ ഉള്ളൂ, വേണമെങ്കില്‍ ചെയ്യാമെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു,’ ജയറാം പറയുന്നു.


Content Highlight: Jayaram Talks About Mammootty’s Character In Abraham Ozler