വിജയങ്ങളും തോല്‍വികളുമെല്ലാം ഞാന്‍ പങ്കുവെക്കുന്ന എന്റെ വല്ല്യേട്ടന്‍ അദ്ദേഹമാണ്: ജയറാം
Film News
വിജയങ്ങളും തോല്‍വികളുമെല്ലാം ഞാന്‍ പങ്കുവെക്കുന്ന എന്റെ വല്ല്യേട്ടന്‍ അദ്ദേഹമാണ്: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th January 2024, 8:22 am

ജീവിതത്തില്‍ തന്റെ എല്ലാ നല്ല മുഹൂര്‍ത്തങ്ങളും വിജയങ്ങളും തോല്‍വികളുമെല്ലാം താന്‍ പങ്കുവെക്കുന്ന തന്റെ വല്ല്യേട്ടനാണ് മമ്മൂട്ടിയെന്ന് ജയറാം. ജീവിതത്തിന്റെ തുടക്കം മുതല്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും തങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെന്നും തന്റെ പല കാര്യങ്ങളും മമ്മൂട്ടിയോടാണ് പറയാറുള്ളതെന്നും താരം പറയുന്നു. തന്റെ പുതിയ ചിത്രമായ അബ്രഹാം ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം.

‘ജീവിതത്തില്‍ എന്റെ എല്ലാ നല്ല മുഹൂര്‍ത്തങ്ങളും നല്ല കാര്യങ്ങളും വിജയങ്ങളും തോല്‍വികളുമെല്ലാം ഞാന്‍ ഷെയര്‍ ചെയ്യുന്ന, എന്റെ വല്ല്യേട്ടനാണ് അദ്ദേഹം. ജീവിതത്തിന്റെ തുടക്കം മുതല്‍ ഒരുപാട് കാര്യങ്ങളുണ്ട്.

ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് ഒത്തിരി വര്‍ഷങ്ങളായി. എന്റെ പല കാര്യങ്ങളും ഞാന്‍ അദ്ദേഹത്തോടാണ് പറയുക. എനിക്ക് തോല്‍വികളും തിരിച്ചടികളും നേരിട്ടപ്പോഴും സന്തോഷങ്ങള്‍ വരുമ്പോഴും അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്നു.

ഞാന്‍ ഈയിടെയായി മദ്രാസില്‍ ഓഡിയോ ലോഞ്ചില്‍ ‘പസികത് മണി’ എന്ന് പറഞ്ഞുള്ള ഒരു മിമിക്രി ചെയ്തിരുന്നു. ആ മിമിക്രി ഹിറ്റ് ആകുന്ന സമയത്ത് അദ്ദേഹം അദ്ദേഹത്തിന്റെ മുറിയില്‍ പ്രൊജക്റ്ററില്‍ ഇട്ട് അമ്പത് തവണയോ മറ്റോ ഇരുന്ന് കണ്ടിട്ടുണ്ട്. എന്നിട്ട് എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. നമ്മളെ അപ്രീഷ്യേറ്റ് ചെയ്യാനുള്ള വലിയ മനസ് അദ്ദേഹത്തിനുണ്ട്,’ ജയറാം പറഞ്ഞു.

അഭിമുഖത്തില്‍ എങ്ങനെയാണ് മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള സൗഹൃദം നിലനിര്‍ത്തുന്നത് എന്ന അവതാരകന്റെ ചോദ്യത്തിനും താരം മറുപടി പറഞ്ഞു. ഇരുവരുമായുള്ള തന്റെ സൗഹൃദം ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അവര്‍ തനിക്ക് നല്‍കുന്ന സ്‌നേഹത്തിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അവരുമായുള്ള സൗഹൃദം ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നമ്മള്‍ സ്‌ക്രീനിന് മുന്നിലിരുന്ന് വാ പൊളിച്ച് കണ്ടവരാണ് ഇവരൊക്കെ. രണ്ടുപേരെയും അടുത്ത് കാണാന്‍ പറ്റുന്നതും മുപ്പത്തിയഞ്ച് വര്‍ഷക്കാലം കൂടെ നില്‍ക്കാന്‍ സാധിക്കുന്നതും സന്തോഷമുള്ള കാര്യം തന്നെയാണ്.

അവര്‍ നമുക്ക് തരുന്ന സ്‌നേഹത്തിന് ദൈവത്തിനോട് നന്ദി പറയുകയാണ്. ഞാന്‍ അവരെ രണ്ടുപേരെയും കുറിച്ച് മാത്രമല്ല പറയുന്നത്, എല്ലാവര്‍ക്കും നമ്മളോട് സ്‌നേഹമാണ്. കേരളത്തിന് പുറത്തേക്ക് പോയാലും അങ്ങനെയാണ്. അവരൊക്കെ നല്‍കുന്ന സ്‌നേഹം, നമ്മള്‍ ഒന്നും തിരിച്ച് കൊടുത്തിട്ടോ ചെയ്തിട്ടോയല്ല. അത് ദൈവം തരുന്ന ഭാഗ്യം തന്നെയാണ്,’ ജയറാം പറയുന്നു.


Content Highlight: Jayaram Talks About Mammootty