| Monday, 8th January 2024, 7:08 pm

ആ തെലുങ്ക് നടന്‍ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തമിഴിലാണോ മലയാളത്തിലാണോ ഡയലോഗെന്ന് ചോദിച്ചു; എന്റെ മറുപടി...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്മരാജന്‍ തന്റെ ഗുരുനാഥന്‍ ആണെന്നും അദ്ദേഹത്തിന് ശേഷം തനിക്ക് അങ്ങനെ ആ സ്ഥാനത്തേക്ക് പറയാന്‍ മറ്റൊരാള്‍ ഉണ്ടായിട്ടില്ലെന്നും ജയറാം. എന്നാല്‍ തനിക്ക് കിട്ടിയ ഭാഗ്യം മികച്ച സംവിധായകര്‍ എല്ലാവരും പത്തും പതിനഞ്ചും സിനിമകളില്‍ തന്നെ നായകനാക്കി എന്നുള്ളതാണെന്നും അതുകൊണ്ട് ഒരു പത്തോ ഇരുപതോ വര്‍ഷത്തേക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി രേഖയോടൊപ്പമുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പത്മരാജന്‍ സാര്‍ എന്റെ ഗുരുനാഥന്‍ ആണ്. സാര്‍ പോയ ശേഷം എനിക്ക് അങ്ങനെ ആ സ്ഥാനത്തേക്ക് പറയാന്‍ മറ്റൊരാള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മുമ്പ് എനിക്ക് കിട്ടിയ ഭാഗ്യം മികച്ച സംവിധായകര്‍ എല്ലാവരും പത്തും പതിനഞ്ചും സിനിമകളില്‍ എന്നെ നായകനാക്കി എന്നുള്ളതാണ്. അതുകൊണ്ട് ഒരു പത്തോ ഇരുപതോ വര്‍ഷത്തേക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ സിനിമ മാറി. എനിക്ക് മറ്റ് ഭാഷകളില്‍ കൂടെ അവസരം ലഭിച്ചു. തെലുങ്കിലും തമിഴിലും കന്നടയിലുമെല്ലാം എനിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടി. തെലുങ്കില്‍ നായകന്‍ അല്ലെങ്കില്‍ ഉപനായകന്‍ അതുമല്ലെങ്കില്‍ വില്ലന്‍ കഥാപാത്രങ്ങളായിരുന്നു കിട്ടിയത്,’ ജയറാം പറഞ്ഞു.

ഇപ്പോഴും തെലുങ്ക് സിനിമകള്‍ ചെയ്യുമ്പോള്‍ ഡയലോഗുകള്‍ വായിക്കുന്നത് പിന്നില്‍ എഴുതി വെച്ചിട്ടാണോ അതോ പഠിച്ചിട്ടാണോ എന്ന് അവതാരിക ചോദിച്ചപ്പോള്‍ മലയാളത്തില്‍ എഴുതി വെയ്ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒപ്പം തന്റെ പുതിയ മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രത്തിനെ കുറിച്ചും താരം സംസാരിച്ചു.

‘തെലുങ്ക് സിനിമകള്‍ ചെയ്യുമ്പോള്‍ ഡയലോഗുകള്‍ മലയാളത്തില്‍ എഴുതി വെയ്ക്കും. ഇപ്പോള്‍ റിലീസ് ആവാന്‍ മഹേഷ് ബാബുവിന്റെ പുതിയ പടമുണ്ട്. അതിന്റെ ലൊക്കേഷനില്‍ ഞാന്‍ പുറകില്‍ ചുമരില്‍ ഡയലോഗ് എഴുതി വെക്കുമ്പോള്‍ മഹേഷ് ബാബു വന്നിട്ട് ഇതെന്താണെന്ന് ചോദിക്കും. മലയാളത്തില്‍ ഇത് ഇന്ന സംഭവമാണെന്ന് ഞാന്‍ പറഞ്ഞു കൊടുക്കും. (ചിരി)

തമിഴും തെലുങ്കുമായിട്ട് സാമ്യമുള്ളത് കൊണ്ട് ഞാന്‍ ഇടക്ക് ഏതെങ്കിലും വാക്ക് തമിഴില്‍ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യും. ഷോട്ടിന്റെ മുമ്പ് അവിടെ എല്ലാവരും ഉണ്ടാകും, രമ്യ കൃഷ്ണനും മഹേഷും ഒക്കെ ഉണ്ടാകും. അപ്പോള്‍ മഹേഷ് ഷൂട്ട് തുടങ്ങുന്നതിന്റെ തൊട്ട് മുമ്പ് ഷൂട്ട് നിര്‍ത്തി വെക്കാന്‍ പറയും.

എന്നിട്ട് എന്റെ അടുത്ത് വന്നിട്ട് ഏത് ഭാഷയിലാണ് ഡയലോഗ് പറയുന്നത് എന്ന് ചോദിക്കും. തമിഴാണോ മലയാളമാണോ എന്നാണ് ചോദ്യം. അപ്പോള്‍ ഞാന്‍ പറഞ്ഞു, തൊണ്ണൂറ് ശതമാനം തെലുങ്കും പത്തു ശതമാനം മലയാളവും തമിഴും എന്ന്,’ ജയറാം പറയുന്നു.


Content Highlight: Jayaram Talks About Mahesh Babu

We use cookies to give you the best possible experience. Learn more