| Monday, 8th January 2024, 11:31 am

കമല്‍ സാര്‍ എന്നെ വിളിക്കുന്നത് വരെ ഞാന്‍ അദ്ദേഹത്തെ വിളിക്കാറില്ല; കാരണം... ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ കമല്‍ ഹാസനെ വിളിക്കാറില്ലെന്നും അദ്ദേഹം ഇങ്ങോട്ട് വിളിക്കുകയാണ് ചെയ്യുന്നതെന്നും നടന്‍ ജയറാം. ആരെയും നമ്മള്‍ അങ്ങോട്ട് വിളിച്ച് ഒരിക്കലും ശല്യപെടുത്തരുതെന്നും താന്‍ അങ്ങനെ ശല്യപെടുത്താത്തത് കൊണ്ടാകും ചിലപ്പോള്‍ തനിക്ക് നല്ല ബന്ധങ്ങള്‍ നിലനില്‍ക്കുന്നതെന്നും താരം പറഞ്ഞു.

ഒരു ഫോണ്‍ കോളിന് അപ്പുറം കമല്‍ഹാസനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ എങ്ങനെയാണ് ചേര്‍ത്ത് നിര്‍ത്തുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് ജയറാമിത് പറഞ്ഞത്. തന്റെ പുതിയ ചിത്രമായ അബ്രഹാം ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം.

‘ജീവിതത്തില്‍ അവരെ വിളിക്കാതെയിരിക്കുക എന്നുള്ളതാണ്. ഈ ഒരു ഫോണ്‍ കോള്‍ മാത്രമാണെങ്കില്‍ കുഴപ്പമില്ല. അത് കഴിഞ്ഞ് അടുത്ത ദിവസം കാലത്ത് വീണ്ടും വിളിക്കരുത്. ഞാന്‍ ആരെയും വിളിക്കാനേ പോകാറില്ല. കമല്‍ സാര്‍ പലപ്പോഴും ഇങ്ങോട്ട് വിളിക്കാറാണ്.

അല്ലെങ്കില്‍ ഒരു ഗ്യാപ് വരുമ്പോള്‍ ഫോണില്‍ ആ നമ്പര്‍ തെളിയുമ്പോള്‍ അറിയാം. അതല്ലാതെ നമ്മള്‍ അങ്ങോട്ട് വിളിച്ച് ഒരിക്കലും ശല്യപെടുത്തരുത്. ഞാന്‍ അങ്ങനെ ശല്യപെടുത്താത്തത് കൊണ്ടാകും എനിക്ക് ചിലപ്പോള്‍ നല്ല ബന്ധങ്ങള്‍ എന്നും നിലനിര്‍ത്താന്‍ സാധിക്കുന്നത്,’ ജയറാം പറഞ്ഞു.

അഭിമുഖത്തില്‍ എങ്ങനെയാണ് മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള സൗഹൃദം നിലനിര്‍ത്തുന്നത് എന്ന അവതാരകന്റെ ചോദ്യത്തിനും താരം മറുപടി പറഞ്ഞു. ഇരുവരുമായുള്ള തന്റെ സൗഹൃദം ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അവര്‍ തനിക്ക് നല്‍കുന്ന സ്നേഹത്തിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അവരുമായുള്ള സൗഹൃദം ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നമ്മള്‍ സ്‌ക്രീനിന് മുന്നിലിരുന്ന് വാ പൊളിച്ച് കണ്ടവരാണ് ഇവരൊക്കെ. രണ്ടുപേരെയും അടുത്ത് കാണാന്‍ പറ്റുന്നതും മുപ്പത്തിയഞ്ച് വര്‍ഷക്കാലം കൂടെ നില്‍ക്കാന്‍ സാധിക്കുന്നതും സന്തോഷമുള്ള കാര്യം തന്നെയാണ്.

അവര്‍ നമുക്ക് തരുന്ന സ്നേഹത്തിന് ദൈവത്തിനോട് നന്ദി പറയുകയാണ്. ഞാന്‍ അവരെ രണ്ടുപേരെയും കുറിച്ച് മാത്രമല്ല പറയുന്നത്, എല്ലാവര്‍ക്കും നമ്മളോട് സ്നേഹമാണ്. കേരളത്തിന് പുറത്തേക്ക് പോയാലും അങ്ങനെയാണ്. അവരൊക്കെ നല്‍കുന്ന സ്നേഹം, നമ്മള്‍ ഒന്നും തിരിച്ച് കൊടുത്തിട്ടോ ചെയ്തിട്ടോയല്ല. അത് ദൈവം തരുന്ന ഭാഗ്യം തന്നെയാണ്,’ ജയറാം പറയുന്നു.


Content Highlight: Jayaram Talks About Kamal Haasan

Latest Stories

We use cookies to give you the best possible experience. Learn more