| Wednesday, 10th January 2024, 12:14 pm

ഉദ്ഘാടനത്തിനിടയില്‍ മുണ്ടഴിഞ്ഞു; പിറ്റേന്ന് തുണിക്കടയില്‍ വസ്ത്രാക്ഷേപമെന്ന് പത്രവാര്‍ത്ത: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരു തുണിക്കടയില്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ ഉണ്ടായ രസകരമായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജയറാം.

‘യഥാര്‍ത്ഥത്തില്‍ നടന്ന കഥയാണ് ഇത്. തുണിക്കടയില്‍ പോയ എന്റെ മുണ്ട് അഴിച്ചോണ്ട് പോയ കഥ. അവിടെയുള്ള നാട്ടുകാര്‍ക്ക് മൊത്തം ഈ കഥ അറിയാം. പത്രത്തില്‍ തുണിക്കടയില്‍ വസ്ത്രാക്ഷേപം എന്ന് പറഞ്ഞ് വാര്‍ത്തയും വന്നിരുന്നു. എന്റെ നാട്ടിലെ തുണിക്കടയില്‍ വെച്ച് സംഭവിച്ചതാണ്. ആ കഥ ഞാന്‍ ഒരുപാട് തവണ പറഞ്ഞതാണ്.

അന്ന് കടയുടെ ഉദ്ഘാടനത്തിന് വേണ്ടി പോകുമ്പോള്‍ ഞാന്‍ സില്‍ക്കിന്റെ മുണ്ടായിരുന്നു ഇട്ടിരുന്നത്. അവിടെ ചെന്നപ്പോള്‍ എന്നെ കാണാന്‍ ജനസമുദ്രം കാത്തിരിക്കുകയാണ്. അത് കണ്ടതും, എന്റെ നാട്ടുകാരും എന്നെ സ്‌നേഹിക്കുന്ന ആളുകളും മുതിര്‍ന്നവരും ആണല്ലോ ഇവരെന്ന് മനസില്‍ തോന്നി. അവരുടെ മുന്നിലൂടെ വണ്ടിയില്‍ കൈ വീശി പോകാന്‍ പറ്റില്ലല്ലോ.

ഡ്രൈവറോട് പറഞ്ഞ് വണ്ടി നിര്‍ത്തിച്ച് ഞാന്‍ പുറത്തിറങ്ങി. എല്ലാവരോടും സംസാരിച്ച് മുന്നോട്ട് നടന്നതും ഓരോരുത്തരായി മുണ്ട് ചവിട്ടി ചവിട്ടിയവസാനം കടയുടെ മുന്നിലെത്തിയപ്പോഴേക്കും മുണ്ട് അഴിഞ്ഞുപോയി. ഇതിനിടയില്‍ ഏതോ ഒരു പയ്യന്‍ വന്ന് ആ മുണ്ടും എടുത്ത് ഓടി. അന്ന് ഞാന്‍ ഇട്ട ഷര്‍ട്ടിന് ഇറക്കമുള്ളത് കൊണ്ട് മാത്രം രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കില്‍ അത് ക്യാമറയില്‍ ഫോട്ടോയെടുത്തേനേ.

അന്ന് അവിടെയുള്ളവരോട് പറഞ്ഞതും ക്യാമറ ഓഫ് ചെയ്തു. അഞ്ച് മിനിട്ടോളം മുണ്ടില്ലാതെ എനിക്ക് അവിടെ നില്‍ക്കേണ്ടി വന്നു. തുണിക്കടയില്‍ നിന്ന് മുണ്ട് എടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ കടയുടെ ഉദ്ഘാടനം കഴിഞ്ഞില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അവസാനം ആരോ ചെന്ന് ആ പയ്യന്റെ കയ്യില്‍ നിന്നും മുണ്ട് വാങ്ങിത്തന്നു,’ ജയറാം പറഞ്ഞു.

അതേസമയം, ജനുവരി പതിനൊന്നിനാണ് ജയറാം നായകനാകുന്ന അബ്രഹാം ഓസ്ലര്‍ തിയേറ്ററിലെത്തുന്നത്. ജയറാമിന് പുറമെ ചിത്രത്തില്‍ അനശ്വര രാജനും അര്‍ജുന്‍ അശോകനും സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.


Content Highlight: Jayaram Talks About His Funny Experience At The Inauguration

We use cookies to give you the best possible experience. Learn more