അബ്രഹാം ഓസ്ലര്‍ എന്ന ത്രില്ലര്‍ ചിത്രത്തോടെ മമ്മൂട്ടി – മോഹന്‍ലാല്‍ – സുരേഷ്‌ഗോപി എന്ന മൂന്ന് പേരുകളുടെ കൂടെ ജയറാം എന്ന പേര് വീണ്ടും ചേര്‍ത്തുവെക്കുമ്പോള്‍ ഇനി പ്രേക്ഷകരെ നിരാശപെടുത്തില്ലെന്ന് നൂറ് ശതമാനവും ഉറപ്പിക്കാമെന്ന് നടന്‍ ജയറാം.
തിയേറ്ററുകളില്‍ വരുന്ന കുടുംബ പ്രേക്ഷകര്‍ക്ക് ഉള്ളത് താന്‍ മുപ്പത്തിയഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്‌നേഹമാണെന്നും താരം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം.
‘പ്രേക്ഷകരെ ഇനി ഞാന്‍ നിരാശപെടുത്തില്ലെന്ന് നൂറ് ശതമാനവും ഉറപ്പിക്കാം. ഇനി ഞാന്‍ അത് കൈവിടില്ല. കാരണം ഇന്നലെ ഞാന്‍ കുറേ തിയേറ്ററുകളില്‍ പോയിരുന്നു. അവിടെയൊക്കെ എക്‌സ്ട്രാ ഷോ കൊണ്ടുവരണമെങ്കില്‍ എന്തായാലും കുടുംബ പ്രേക്ഷകര്‍ തന്നെ വേണം.
അമ്മമാരും കുട്ടികളും മരുമക്കളും എല്ലാം ചേര്‍ന്ന് വന്ന് കുടുംബത്തോടെ ടിക്കറ്റ് എടുക്കുന്നത് ഇന്നലെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു. അത് മുപ്പത്തിയഞ്ച് വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത സ്‌നേഹമാണ്. അത് ഞാന്‍ ഇനി മിസ്സാക്കില്ല,’ ജയറാം പറഞ്ഞു.
ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രം ജനുവരി പതിനൊന്നിനായിരുന്നു തിയേറ്ററില്‍ റിലീസിന് എത്തിയത്. അഞ്ചാം പാതിര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചിത്രത്തില്‍ ജയറാമിന് പുറമെ മമ്മൂട്ടി, അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ജഗദീഷ്, സെന്തില്‍ കൃഷ്ണ, അനൂപ് മേനോന്‍, ആര്യ സലിം, ദിലീഷ് പോത്തന്‍, സായി കുമാര്‍, അഞ്ചു കുര്യന്‍, അര്‍ജുന്‍ നന്ദകുമാര്‍, കുമരകം രഘുനാഥ് ഉള്‍പ്പെടെയുള്ള വലിയ താരനിരത്തന്നെ ഒന്നിച്ചിരുന്നു.
ഒപ്പം ആദം സാബിക്, ഷജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ് എന്നീ പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.
Content Highlight: Jayaram Talks About His Family Audience