മലയാള സിനിമയില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച താരമായിരുന്നു ജയറാം. എന്നാല്‍ താരം കുറച്ചധികം നാളായി സ്വന്തം താത്പര്യ പ്രകാരം മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരു വലിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു.
ജയറാമിന്റെ വമ്പന്‍ തിരിച്ചു വരവ് ഓരോ പ്രേക്ഷകരും ഏറെ ആഗ്രഹിച്ചിരുന്നു. ആ സമയത്ത് തന്നെയാണ് അദ്ദേഹം തന്റെ പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ജയറാമിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രത്തിന് വളരെ വലിയ ഹൈപ്പ് തന്നെയായിരുന്നു ലഭിച്ചത്. അതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാന കാരണം ജയറാം എന്ന നടന്‍ തന്നെയായിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനിടെ താന്‍ മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികള്‍ തനിക്ക് തന്ന സ്‌നേഹത്തിനും സന്തോഷത്തിനും പകരം നല്ല സിനിമകള്‍ തിരിച്ചു കൊടുക്കാന്‍ കഴിയുന്നില്ലെന്ന് സ്വയം തോന്നിയത് കൊണ്ടാണ് താനായിട്ട് മാറി നിന്നത് എന്നാണ് താരം പറയുന്നത്.
‘എന്തുപറഞ്ഞു തുടങ്ങണമെന്ന് എനിക്ക് അറിയില്ല. അത്രത്തോളം സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാന്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍ നില്‍ക്കുന്നത്. മറ്റൊന്നും കൊണ്ടല്ല, ഏകദേശം ഒരു നാല് വര്‍ഷം മുമ്പ് ഞാന്‍ എടുത്ത ഒരു തീരുമാനം ഉണ്ട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികള്‍ എനിക്ക് തന്ന സ്‌നേഹത്തിനും സന്തോഷത്തിനും പകരം നല്ല സിനിമകള്‍ തിരിച്ചു കൊടുക്കാന്‍ കഴിയുന്നില്ല എന്ന തോന്നല്‍ ഉണ്ടായി. അങ്ങനെ സ്വയം തോന്നിയത് കൊണ്ടാണ് ഞാനായിട്ട് മാറി നിന്നത്.
കാലഘട്ടത്തിനനുസരിച്ച് മാറി വരുന്ന സിനിമയെ നോക്കിക്കാണുകയായിരുന്നു ഞാന്‍. ആ സമയത്ത് മറ്റ് ഭാഷകളില്‍ എന്നെ തേടി വന്ന സപ്പോര്‍ട്ടിങ് കഥാപാത്രങ്ങള്‍ ചെയ്തു. എങ്കിലും മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹമുണ്ടായിരുന്നു,’ ജയറാം പറയുന്നു.
Content Highlight: Jayaram Talks About His Career Break