അന്ന് മലയാള സിനിമയില്‍ നിന്ന് ബ്രേക്കെടുക്കാന്‍ അവര്‍ പറഞ്ഞു: ജയറാം
Film News
അന്ന് മലയാള സിനിമയില്‍ നിന്ന് ബ്രേക്കെടുക്കാന്‍ അവര്‍ പറഞ്ഞു: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th January 2024, 8:07 am

മലയാള സിനിമ തനിക്ക് അമ്മ വീട് പോലെയാണെന്നും താന്‍ ജനിച്ചു വളര്‍ന്ന വീടാണെന്നും ഏത് സമയത്തും തനിക്ക് വരാനും പോകാനും സ്വാതന്ത്ര്യമുള്ള സ്ഥലമാണെന്നും ജയറാം.

കൊവിഡ് സമയത്ത് താന്‍ എല്ലാം ചര്‍ച്ച ചെയ്തിരുന്നത് ഭാര്യയും മക്കളുമായിട്ടാണെന്നും മലയാളത്തില്‍ സിനിമ ചെയ്യുന്നതില്‍ നിന്ന് ബ്രേക്ക് എടുത്ത് നല്ല പ്രൊജെക്ടിന് വേണ്ടി കാത്തിരിക്കാന്‍ പറഞ്ഞത് തന്റെ മകളും ഭാര്യയുമാണെന്നും ജയറാം പറയുന്നു.

തെലുങ്കിലും തമിഴിലും 365 ദിവസവും ജോലി ചെയ്യാനുള്ള സിനിമകളും അവസരങ്ങളും തനിക്ക് ഉണ്ടായിരുന്നെന്നും താരം പറഞ്ഞു. മലയാളത്തില്‍ താന്‍ കാത്തിരുന്നു കിട്ടിയ സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ ‘മകള്‍’ എന്നും താന്‍ ചെയ്ത സത്യന്‍ സിനിമകളില്‍ ഇഷ്ടമുള്ള ഒന്നാണ് ആ സിനിമയെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘മലയാളം എന്ന് പറയുന്നത് എനിക്ക് എന്റെ അമ്മ വീട് പോലെയാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന വീടാണ്. എനിക്ക് ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കി തന്നത് മലയാളമാണ്. അപ്പോള്‍ ഏത് സമയത്തും എനിക്ക് വരാനും പോകാനും സ്വാതന്ത്ര്യമുള്ള സ്ഥലമാണ്.

ഇവിടെ കൊവിഡ് ഒക്കെ വന്ന് ലോകം മുഴുവന്‍ വീട്ടില്‍ അടച്ചിട്ട് നില്‍ക്കുന്ന സമയത്ത് ഞാന്‍ എല്ലാം ചര്‍ച്ച ചെയ്യുന്നത് എന്റെ ഭാര്യയും മക്കളുമായിട്ടാണ്. അപ്പോള്‍ ആ സമയം മലയാളത്തില്‍ സിനിമ ചെയ്യുന്നത് ഒന്ന് ബ്രേക്ക് ചെയ്തിട്ട് ഒരു നല്ല പ്രൊജെക്ടിന് വേണ്ടി കാത്തിരുന്നു നോക്കൂ എന്ന് മകളും ഭാര്യയുമാണ് പറഞ്ഞത്.

പിന്നെ ബാക്കി ഭാഷകളില്‍, അതായത് തെലുങ്കിലും തമിഴിലുമൊക്കെ 365 ദിവസവും ജോലി ചെയ്യാനുള്ള സിനിമകളും അവസരങ്ങളും എനിക്ക് ഉണ്ടായിരുന്നു. അപ്പോള്‍ മലയാളത്തില്‍ ഒന്ന് കൂടെ ശ്രദ്ധിച്ചാല്‍ നല്ല പ്രൊജക്റ്റ് കിട്ടുമെന്ന് അവരാണ് പറഞ്ഞത്.

അങ്ങനെ എനിക്ക് കാത്തിരുന്നു കിട്ടിയ ഒരു സിനിമയാണ് ‘മകള്‍’. അത് ഞാന്‍ ചെയ്ത സത്യേട്ടന്റെ പടങ്ങളില്‍ ഇന്നും ഇഷ്ടപെടുന്ന ഒന്നാണ്. അതും കഴിഞ്ഞ് കാത്തിരിക്കുമ്പോഴാണ് മിഥുന്‍ മാനുവല്‍ ഓസ്ലര്‍ സിനിമയുടെ കഥയുമായി വരുന്നത്,’ ജയറാം പറഞ്ഞു.


Content Highlight: Jayaram Talks About His Break In Malayalam Movies