അബ്രഹാം ഓസ്ലര്‍; ഞാന്‍ ഈ പ്രായത്തില്‍ ആക്ഷന്‍ കാണിച്ചാല്‍ ഒരു മനുഷ്യനും കാണാനുണ്ടാവില്ല: ജയറാം
Film News
അബ്രഹാം ഓസ്ലര്‍; ഞാന്‍ ഈ പ്രായത്തില്‍ ആക്ഷന്‍ കാണിച്ചാല്‍ ഒരു മനുഷ്യനും കാണാനുണ്ടാവില്ല: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th January 2024, 9:46 am

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഓസ്ലറിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ച് പറയുകയാണ് നടന്‍ ജയറാം. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സത്യന്‍ അന്തിക്കാടിന്റെ ‘മകള്‍’ എന്ന സിനിമ കഴിഞ്ഞ് നല്ല സിനിമക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അബ്രഹാം ഓസ്ലറിന്റെ കഥയുമായി വരുന്നതെന്ന് ജയറാം പറയുന്നു.

സിനിമയുടെ പേര് കേട്ടപ്പോള്‍ ആക്ഷന്‍ പടമാണോ എന്നാണ് താന്‍ ആദ്യം ചോദിച്ചതെന്നും ഇതില്‍ ആക്ഷന്‍ ഇല്ലെന്നായിരുന്നു മിഥുന്‍ മാനുവലിന്റെ മറുപടിയെന്നും താരം പറഞ്ഞു.

‘സത്യേട്ടന്റെ ‘മകള്‍’ സിനിമ കഴിഞ്ഞ് നല്ല ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് മിഥുന്‍ ഓസ്ലര്‍ സിനിമയുടെ കഥയുമായി വരുന്നത്. അവന്‍ അബ്രഹാം ഓസ്ലര്‍ എന്ന ടൈറ്റില്‍ പറഞ്ഞതും ആക്ഷന്‍ പടമാണോ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്.

അപ്പോള്‍ അവന്‍ ഇതില്‍ ആക്ഷനേ ഇല്ലെന്ന് പറഞ്ഞു. അങ്ങനെ മലയാളികള്‍ക്ക് ആക്ഷന്‍ കാണണമെങ്കില്‍ അതിനായി എത്രയോ ഭാഷകള്‍ ഇല്ലേയെന്നും ചോദിച്ചു. ശരിയാണ്, അതിനായി ജയറാം ഈ പ്രായത്തില്‍ പോയി ആക്ഷന്‍ കാണിച്ചാല്‍ കാണാന്‍ ഒരു മനുഷ്യനും ഉണ്ടാവില്ല. (ചിരി)

ഈ സിനിമ ഒരു ക്രൈം ത്രില്ലര്‍ ഇമോഷണല്‍ ഡ്രാമയാണ് എന്ന് മിഥുന്‍ പറഞ്ഞു. അതുകേട്ടതും എനിക്ക് നന്നായി തോന്നി. ഹെവിയായിട്ടുള്ള കഥാപാത്രമാണ് ഇതില്‍. ആ കഥാപാത്രം എന്റെ കയ്യില്‍ സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കോണ്‍ഫിഡന്‍ഡ് ആണെന്ന് മിഥുന്‍ പറഞ്ഞു. അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്,’ ജയറാം പറഞ്ഞു.

അതേസമയം, അബ്രഹാം ഓസ്ലറില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.


Content Highlight: Jayaram Talks About Abraham Ozler Movie